അഭിമന്യു Source: SFI Maharajas / Facebook
KERALA

നാൻ പെറ്റ മകനേ.... അഭിമന്യുവിൻ്റെ ഓർമയ്ക്ക് ഏഴ് വയസ്; മഹാരാജാസിലെ സ്മൃതി മണ്ഡപത്തിൽ ഒത്തുകൂടി എസ്എഫ്ഐ പ്രവർത്തകർ

അവരുടെ പ്രിയപ്പെട്ട നേതാവ് അഭിമന്യു അവസാനമായി കുറിച്ച മുദ്രാവാക്യത്തെ എസ്എഫ്ഐ പ്രവർത്തകർ ഏറ്റുവിളിച്ചു

Author : ന്യൂസ് ഡെസ്ക്

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം. കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് മഹാരാജാസ് കോളേജിൽ വച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ ഓർമദിനത്തിൽ പ്രിയപ്പെട്ട നേതാവിന്റെ സ്മരണ പുതുക്കുകയാണ് എസ്എഫ്ഐ.

കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച് അഭിമന്യു കുത്തേറ്റുവീണ അതേയിടത്ത്, അതേ സമയത്ത് അഭിമന്യു അവസാനമായി കുറിച്ച വർഗീയത തുലയട്ടെ എന്ന ചുമരെഴുത്തിന് മുന്നിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകരാണ് അണിനിരന്നത്. അഭിമന്യു അവസാനമായി കുറിച്ച മുദ്രാവാക്യത്തെ എസ്എഫ്ഐ പ്രവർത്തകർ ഏറ്റുവിളിച്ചു.

മഹാരാജാസിലെ സ്മൃതി മണ്ഡപത്തിൽ ഒത്തുചേർന്ന വിദ്യാർഥികൾ പ്രകടനമായി അഭിമന്യു കുത്തേറ്റ് വീണിടത്ത് എത്തി ദീപം തെളിയിച്ചു. ചുവരെഴുത്തിന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി.എസ്. സഞ്ജീവും നേതൃത്വം നൽകി. അഭിമന്യുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. പുലർച്ചെ രണ്ട് വരെ അഭിമന്യു ഓർമയിൽ മഹാരാജാസ് മുറ്റത്ത് വിദ്യാർഥികൾ ഒത്തുകൂടി.

എറണാകുളം മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥി സംഘടന ക്യാംപസ് ഫ്രണ്ടും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കാമ്പസ് ഫ്രണ്ടുകാർ അഭിമന്യുവിനെ കുത്തിക്കൊന്നത്. 2018 ജൂലൈ 2നു പുലർച്ചെ 12.45നായിരുന്നു സംഭവം.

SCROLL FOR NEXT