വി.ഡി. സതീശൻ Source; Social Media
KERALA

കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കേണ്ടത് അനിവാര്യം, സിപിഐഎം തകർന്നാൽ ആ സ്പേസ് സംഘപരിവാർ കൊണ്ടുപോകും: മുഖ്യമന്ത്രി

നെഹ്റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്ന സാഹചര്യത്തിലേക്ക് പോകില്ലായിരുന്നു എന്നും മുഖ്യമന്ത്രി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കേണ്ടത് അനിവാര്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഐഎം തകർന്നാൽ ആ സ്പേസ് കൊണ്ടുപോകുന്നത് സംഘപരിവാർ രാഷ്ട്രീയമായിരിക്കുമെന്നും മാതൃഭൂമി വാരാന്തപ്പതിപ്പിൽ നൽകിയ അഭിമുഖത്തിൽ വി.ഡി. സതീശൻ പറഞ്ഞു. നെഹ്റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്ന സാഹചര്യത്തിലേക്ക് പോകില്ലായിരുന്നു എന്നും സതീശൻ അഭിപ്രായപ്പെട്ടു. 'നെഹ്റു എൻ്റെ, ഇന്ത്യയുടെ, ലോകത്തിൻ്റെ' എന്ന തലക്കെട്ടിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നെഹ്റൂവിയൻ കാഴ്ചപ്പാടിൽ ഊന്നിയ ചോദ്യങ്ങളും അത്തരത്തിലുള്ള മറുപടികളും ഉൾക്കൊള്ളുന്ന ലേഖനത്തിലാണ് അദ്ദേഹം അഭിപ്രായം പ്രകടമാക്കുന്നത്. ഇടതുപക്ഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താൻ, പ്രത്യേകിച്ചും കേരളത്തിൽ. നേരത്തെ ബംഗാളിലും തൃപുരയിലും സിപിഐഎമ്മും ഇടതുപക്ഷവും തകർന്നപ്പോൾ ആ സ്പേസ് കൊണ്ടുപോയത് സംഘപരിവാർ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും നവീകരണത്തിന് തയ്യാറാകണമെന്നും അത് കോൺഗ്രസിനും ബാധകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യനിക്ഷേപത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. മിക്സഡ് എക്കോണമി എന്ന് പറഞ്ഞാൽ പൊതുമേഖല മാത്രമല്ല, സ്വകാര്യ മേഖല വേണ്ടെന്ന് നെഹ്റു ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏത് തീരുമാനമെടുക്കുമ്പോഴും സമൂഹത്തിൽ താഴെ തട്ടിലുള്ളവർക്ക് അതിൻ്റെ പ്രയോജനം ലഭിക്കണം. ആ തരത്തിലാണ് തീരുമാനമെടുക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട ധാരാളം മനുഷ്യർ ചുറ്റിലുമുണ്ട്. അവരെ മറന്നാൽ ഭരണാധികാരികൾ ഇല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കുന്നുണ്ട്. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

SCROLL FOR NEXT