രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയ സംഭവത്തിൽ രാഹുലിനെ വീണ്ടും ന്യായീകരിച്ച് അടൂർ പ്രകാശ് എം പി. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരത്തിൽ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ടത് സർക്കാരാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഇപ്പോൾ പരാതി വരാൻ കാരണം തെരഞ്ഞെടുപ്പാണെന്നും കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഓഡിയോയും വാട്സ്ആപ്പ് ചാറ്റും പുറത്തു വന്നപ്പോഴും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയ കോൺഗ്രസ് നേതാക്കളിലൊരാളായിരുന്നു അടൂർ പ്രകാശ്. എഐ കാലഘട്ടത്തിൽ ആരെക്കുറിച്ചും എന്തും നിർമിച്ചെടുക്കാൻ പറ്റുമെന്ന അസാധാരണ വാദങ്ങളായിരുന്നു രാഹുലിനെ പിന്തുണച്ചു കൊണ്ട് അടൂർ പ്രകാശ് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൂശിക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിൽ നിയമപരമായ നടപടി ക്രമങ്ങൾക്ക് തടസം നിൽക്കില്ലെന്നായിരുന്നു ഷാഫി പറമ്പിൽ എംപിയുടെ പ്രതികരണം. കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ച ശേഷമേ ഉണ്ടാവുകയുള്ളുവെന്നും ഷാഫി വ്യക്തമാക്കി. രാജി വെക്കുമോ എന്ന ചോദ്യത്തിന് നിയമപരമായി നടക്കട്ടെ എന്നും ഷാഫി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയായ പെൺകുട്ടി ഇന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്.രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.