ഡോ. കുര്യാക്കോസ് തിയോഫിലോസ്, മുഖ്യമന്ത്രി പിണറായി വിജയൻ, യൂഹാനോൻ മിലിത്തിയോസ് Source: Facebook
KERALA

"മുഖ്യമന്ത്രിയുടെ രോഗത്തേയും ചികിത്സയേയും രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഒരു മതമേലധ്യക്ഷന് ഭൂഷണമല്ല"

മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായുള്ള അമേരിക്കന്‍ യാത്രയെ പരിഹസിച്ചുകൊണ്ടായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപനെതിരെ യാക്കോബായ സഭ രംഗത്ത്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെതിരെയാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ രോഗത്തെയും ചികിത്സയെയും മനുഷ്യത്വത്തോടെയും ക്രിസ്തീയ മനോഭാവത്തോടെയുമാണ് കാണേണ്ടത്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഒരു ക്രിസ്തീയ മത മേലധ്യക്ഷന് ഭൂഷണമല്ലെന്നും യാക്കോബായ സഭ മീഡിയ സെല്‍ ചെയര്‍മാന്‍ കുര്യാക്കോസ് തിയോഫിലോസ് മെത്രാപൊലീത്ത വിമര്‍ശിച്ചു.

'കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ദുരന്തത്തെ ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല. എങ്കിലും ആദരണീയനായ കേരള മുഖ്യമന്ത്രിയുടെ രോഗത്തെയും ചികിത്സയെയും മനുഷ്യത്വത്തോടെയും ക്രിസ്തീയ മനോഭാവത്തോടെയും കാണേണ്ടതിന് പകരം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഒരു ക്രിസ്തീയ മത മേലധ്യക്ഷന് ഭൂഷണമല്ല,' എന്നായിരുന്നു കുര്യാക്കോസ് തിയോഫിലോസ് മെത്രാപൊലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്തിനാ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നത്, വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ? അതുകൊണ്ടാ ചികിത്സക്ക് അമേരിക്കയ്ക്ക് പോകുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായുള്ള അമേരിക്കന്‍ യാത്രയെക്കുറിച്ച് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതായുള്ള വിവരം പുറത്തുവന്നത്. നേരത്തെ പ്രതിപക്ഷത്ത് നിന്നും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിലേക്ക് പോയി. വീണ ജോര്‍ജിന്റെ രാജി എഴുതി വാങ്ങിയിട്ടേ മുഖ്യമന്ത്രി പോകാന്‍ പാടുള്ളായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കേരളത്തില്‍ ഗുരുതരമായ ഒരു സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാമര്‍ശം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും ഉയര്‍ന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുന്നത്.

SCROLL FOR NEXT