KERALA

''പി. ജയരാജന്‌ അന്ന് വാട്സ്ആപ്പ് തന്നെ ഉണ്ടായിരുന്നില്ല, മെനഞ്ഞുകൂട്ടിയത്‌ എന്തെല്ലാം അപസർപ്പക കഥകൾ'': ജെയിൻ രാജ്

പി. ജയരാജന്റെ വാട്സ്ആപ്പിലേക്ക്‌ അക്രമികളുടെ ഫോട്ടോ ആരോ അയച്ചു‌കൊടുത്തെന്നും ജയരാജൻ‌ അത് ഉറപ്പിച്ചുവെന്നതടക്കമുള്ള അപസർപ്പക കഥകളാണ് പ്രചരിപ്പിച്ചതെന്നും ജെയിൻ രാജ്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ കുറ്റവിമുക്തനാക്കപ്പെട്ടതിൽ പ്രതികരിച്ച്, ജയരാജന്റെ മകൻ ജെയിൻ രാജ്. പതിനാലുവർഷം നീണ്ടുനിന്ന രാഷ്ട്രീയ വേട്ടയ്ക്ക്‌ വിരാമമായെന്നും യുഡിഎഫ്‌ ഗൂഢാലോചനയ്ക്ക്‌ അന്നത്തെ കണ്ണൂർ എസ്‌പി രാഹുൽ ആർ. നായർ കൂട്ടുനിൽക്കുകയായിരുന്നുവെന്നും ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചു.

''എന്തെല്ലാം അപസർപ്പക കഥകളാണ്‌ ചിലർ മെനഞ്ഞുകൂട്ടിയത്‌. അതിൽ ഒരു കഥ ഇങ്ങനെ ആയിരുന്നു. പി. ജയരാജന്റെ വാട്സ്ആപ്പിലേക്ക്‌ അക്രമികളുടെ ഫോട്ടോ ആരോ അയച്ചു‌കൊടുക്കുന്നു. പി. ജയരാജൻ ആളെ കൺഫേം ചെയ്ത്‌ തിരിച്ച്‌ വാട്സ്ആപ്പിലൂടെ നിർ​ദേശം കൊടുക്കുന്നു. യഥാർഥത്തിൽ പി. ജയരാജന്‌ അന്ന് വാട്സ്ആപ്പ് തന്നെ ഉണ്ടായിരുന്നില്ല. കാലം 2012 ആണെന്ന് പ്രത്യേകം ഓർക്കണം.''

''യുഡിഎഫ്‌ ഗൂഢാലോചനയ്ക്ക്‌ അന്നത്തെ കണ്ണൂർ എസ്‌.പി. രാഹുൽ ആർ. നായർ കൂട്ടുനിൽക്കുകയായിരുന്നു. നീതിയും നിയമവും രാഷ്ട്രീയ താത്പര്യങ്ങൾക്ക്‌ അതീതമായിരിക്കണം എന്ന സന്ദേശം കൂടി ഈയൊരു വിധിയിലുണ്ട്‌.'' - ജെയിൻ രാജ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, മുസ്ലിം ലീഗിന്‍റെയും പൊലീസിന്റെയും ഗൂഢാലോചനാ സിദ്ധാന്തമാണ് കോടതി വിധിയോടെ പൊളിഞ്ഞ് വീണതെന്ന് പി. ജയരാജൻ പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് കള്ളക്കേസുണ്ടാക്കി ഇത്രയും കാലം പ്രചരിപ്പിച്ചത്. കള്ളസാക്ഷി പറയാൻ കഴിയാത്തത് കൊണ്ടാണ് സാക്ഷികൾ വരാതിരുന്നത്. കേസ് ബോധപൂർവം കെട്ടിച്ചമച്ചതെന്നും ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ടി.വി. രാജേഷും പ്രതികരിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും സംസ്ഥാന സമിതി അംഗം ടി.വി. രാജേഷും അടക്കമുള്ള 18 പേരെയാണ് കോടതി വെറുതെവിട്ടത്. 13 പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി പി. ശബരീനാഥനാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിൽ പി. ജയരാജൻ 32ാം പ്രതിയും ടി.വി. രാജേഷ് 33ാം പ്രതിയുമാണ്.

SCROLL FOR NEXT