പി. മുജീബ് റഹ്മാൻ  
KERALA

"സിപിഐഎമ്മിന് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഒരു മതസംഘടന ക്വട്ടേഷന്‍ എടുക്കുന്നു"; കാന്തപുരം വിഭാഗത്തിനെതിരെ ജമാഅത്തെ ഇസ്ലാമി

"ഞങ്ങള്‍ കളത്തിലിറങ്ങാന്‍ തീരുമാനിച്ചിട്ടില്ല. ഇത് തുടരാനാണ് ഭാവമെങ്കില്‍ ഞങ്ങളായിട്ട് ഗ്യാലറിയില്‍ ഇരിക്കണമെന്ന് തീരുമാനിച്ചിട്ടുമില്ല"

Author : ന്യൂസ് ഡെസ്ക്

സുന്നി കാന്തപുരം വിഭാഗത്തിനെതിരെ വിമര്‍ശനവുമായി ജമാഅത്തെ ഇസ്ലാമി. സിപിഐഎമ്മിന് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ എകെജി സെന്ററില്‍ നിന്ന് ഒരു മതസംഘടന ക്വട്ടേഷന്‍ എടുക്കുന്നുവെന്നാണ് കാന്തപുരം വിഭാഗത്തിനെതിരെ ജമാഅത്തെ ഇസ്ലാമി അമീര്‍ പി. മുജീബ് റഹ്‌മാന്റെ വിമര്‍ശനം.

ഈ മതസംഘടന തെരുവുകളില്‍ ജമാഅത്ത് ഇസ്ലാമിക്കെതിരെ ക്യാംപെയിന്‍ നടത്തുന്നു. ഇത് തുടരാനാണ് ഭാവമെങ്കില്‍ തങ്ങളായിട്ട് ഗ്യാലറിയില്‍ ഇരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പി. മുജീബ് റഹ്‌മാന്റെ പരോക്ഷ വിമര്‍ശനം.

'സമുദായവും സമുദായവും മുഖാമുഖം നില്‍ക്കേണ്ട ഒരു കാലമല്ല ഇത് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സമ്യപനം പാലിക്കുന്നത്. പക്ഷെ സിപിഐഎം എന്ന് പറയുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം എകെജി സെന്ററില്‍ നിന്ന് ക്വട്ടേഷന്‍ എടുത്ത് ഈ രാജ്യത്തിന്റെ തെരുവോരത്തിറങ്ങി ജമാഅത്തെ ഇസ്ലാമിക്ക് നേരെ പലപ്പോഴും ക്യാംപെയിനുമായി രംഗത്തിറങ്ങുന്ന ഒരു മതസംഘടനയുണ്ട്. ഞങ്ങള്‍ കളത്തിലിറങ്ങാന്‍ തീരുമാനിച്ചിട്ടില്ല. അത് കളിയറിയാത്തതുകൊണ്ടല്ല. ഇത് തുടരാനാണ് ഭാവമെങ്കില്‍ ഞങ്ങളായിട്ട് ഗ്യാലറിയില്‍ ഇരിക്കണമെന്ന് തീരുമാനിച്ചിട്ടുമില്ല എന്ന് സാങ്കല്‍പ്പികമായി പറയുകയാണ്,' പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു.

മടിയില്‍ കനമുള്ളവരും മടിയില്‍ കനമില്ലാത്തവരും അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍ തുടങ്ങിയാല്‍ മടിയില്‍ കനമുള്ളവര്‍ക്ക് വല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നും പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ യുഡിഎഫ് സ്വീകരിച്ചിരുന്നു. ഇതിനെ ഇകെ സുന്നി വിഭാഗം സമസ്ത പിന്തുണച്ചപ്പോള്‍ ഇടതുപക്ഷവും എ.പി. സുന്നി കാന്തപുരം വിഭാഗത്തില്‍ നിന്നുള്ള നേതാക്കളും എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിക്കുകയല്ല വീര്യപൂര്‍വം ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് എന്നായിരുന്നു സിറാജില്‍ എഴുതിയ ലേഖനത്തില്‍ കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി പറഞ്ഞത്. ''മതരാഷ്ട്ര വാദമില്ലാതെ ജമാഅത്തെ ഇസ്ലാമിയോ'' എന്ന പേരിലായിരുന്നു ലേഖനം.

കാശ്മീര്‍ താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്.'അല്ലാഹ് ടൈഗേഴ്‌സ്' എന്ന ഒരു സംഘത്തിനും ജമാഅത്തെ ഇസ്ലാമി രൂപം നല്‍കിയിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണെന്നും ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.

വി.ഡി. സതീശന്‍ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നായിരുന്നു എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി പറഞ്ഞത്.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തില്‍ നിന്നും പിന്മാറിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണ്. വി.ഡി. സതീശന്റെ പ്രസ്താവന അപകടം ചെയ്യുന്നതാണ്. നിലപാട് മാറിയതായി ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിച്ചിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയേയും പിഡിപിയേയും ഒരു പോലെ കാണാനാകില്ല. എം.വി. ഗോവിന്ദന്‍ പിഡിപിയെ പീഡിത വിഭാഗം എന്ന് പറഞ്ഞത് മഅ്ദനിയെ ഓര്‍ത്താണ് എന്നും സഖാഫി പറഞ്ഞിരുന്നു.

SCROLL FOR NEXT