Source: Facebook
KERALA

"ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്തില്ല"; നദ്‌വിയെ തള്ളി ജിഫ്രി മുത്തുക്കോയ തങ്ങള്‍

വിവാദ പരാമർശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് നദ്‌വിയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബഹാവുദ്ദീൻ നദ്‌വിയുടെ 'വൈഫ് ഇന്‍ ചാര്‍ജ്' വിവാദ പരാമര്‍ശത്തെ തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ. പരാമർശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് നദ്‌വിയാണ്. ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ലെന്നും, അതിനെക്കുറിച്ച് സമസ്ത ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പല വിഷയങ്ങളിലും തർക്കങ്ങൾ ഉണ്ടാകും. എന്നാൽ ആ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും ജിഫ്രി തങ്ങള്‍ അറിയിച്ചു.

സമസ്തയുടെ സമ്മേളനമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രചരണ സമ്മേളനം അബുദാബിയിൽ വച്ച് നടക്കും. നവംബർ ഒന്നിനാണ് പരിപാടി നടത്താൻ തീരുമാനിച്ചിട്ടുള്ളത്. നവംബർ രണ്ടാം വാരം ദേശീയതലത്തിലെ പരിപാടി ഡൽഹിയിൽ നടക്കുമെന്നും ജിഫ്രി തങ്ങൾ അറിയിച്ചു.

സംസ്ഥാന തലത്തിൽ ശതാബ്ദി സന്ദേശയാത്ര നടത്തും. അത് ഡിസംബർ 19ന് കന്യാകുമാരിയിൽ തുടങ്ങി മംഗലാപുരത്ത് അവസാനിക്കും. സമ്മേളനത്തിൻ്റെ ഭാഗമായുള്ള ഗ്ലോബൽ എക്സ്പോ ഫെബ്രുവരി ഒന്നു മുതൽ സമ്മേളന വേദിയായ കുണിയയിൽ നടക്കും.ഇസ്രയേൽ ആക്രമണത്തിനെതിരെ സമസ്ത യോഗത്തിൽ പ്രമേയം അവതരിപ്പിക്കും. വെള്ളിയാഴ്ചകളിൽ പ്രത്യേക പ്രാർഥന നടക്കുമെന്നും ജിഫ്രി തങ്ങൾ അറിയിച്ചു.

മന്ത്രിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട് എന്നായിരുന്നു ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ പരാമർശം. ജനപ്രതിനിധികൾക്ക് വൈഫ് ഇൻ ചാർജുമാർ ഉണ്ടെന്ന അഭിപ്രായം തനിക്കോ, സമസ്തയ്‌ക്കോ ഇല്ലെന്ന് ഉമർ ഫൈസി മുക്കവും അറിയിച്ചിരുന്നു. നദ്‌വിയെ പുറത്താക്കണമെന്ന് അഭിപ്രായമില്ലെന്നും, അദ്ദേഹത്തിൻ്റെ വാക്കുകൾ ആ രൂപത്തിലായത് ശരിയല്ലെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

SCROLL FOR NEXT