ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെ്യ്തുകൊണ്ടുള്ള വ്യാജ പരസ്യം Source: News Malayalam 24x7
KERALA

കപ്പലില്‍ ജോലി നല്‍കാമെന്ന വ്യാജേന സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്; ഇരകളായി ന്യൂസിലാന്‍ഡില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേർ

മലയാളിയായ ചിഞ്ചു എന്ന് പേരുള്ള യുവതിയാണ് നിലവില്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്

Author : ന്യൂസ് ഡെസ്ക്

ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവം. നിരവധിപേരാണ് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പിന് ഇതുവരെ ഇരയായത് കപ്പല്‍ ജോലി നല്‍കാമെന്ന വ്യാജേനയാണ് പണം തട്ടുന്നത്, തട്ടിപ്പിനിരയായി പലരും ന്യൂസ്ലാന്‍ഡില്‍ അഭയാര്‍ഥികളായി കുടുങ്ങിക്കിടക്കുകയാണ്.

എറണാകുളം പെരുമ്പാവൂരിലെ ഫ്‌ളൈ വില്ലാ ട്രീ, ടാലന്റ് വിസാ കണ്‍സള്‍ട്ടന്‍സി എന്നീ സ്ഥാപനങ്ങളുടെ പരസ്യക്കെണിയില്‍ വീണ് ന്യൂസിലാന്‍ഡില്‍ അകപ്പെട്ട യുവാവിന്റെ നേരനുഭവമാണിത്. ന്യൂസിലാന്‍ഡിലെ സീ പോര്‍ട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നല്‍കിയാണ് തട്ടിപ്പ് തുടങ്ങുന്നത്. പരസ്യത്തില്‍ ആകൃഷ്ടരാകുന്ന യുവാക്കളോട് ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസ നല്‍കാമെന്ന് വിശ്വസിപ്പിക്കും. ശേഷം തുക ആവശ്യപ്പെടുകയാണ് രീതി.

തുടര്‍ന്ന് വിസ ശരിയായെന്നും മുഴുവന്‍ തുകയും നല്‍കണമെന്നും അറിയിക്കും. ഗൂഗിള്‍ മീറ്റ് വഴിയാണ് കൂടിക്കാഴ്ചകള്‍ നടത്തുന്നത്. വിദേശയാത്രയ്ക്ക് മുന്നോടിയായുള്ള കൗണ്‍സിലിംഗ് പോലെ സംശയ ദുരീകരണം ഉള്‍പ്പടെ എല്ലാം പക്കാ പ്രൊഫഷണല്‍.

എറണാകുളത്തെ സ്ഥാപനങ്ങള്‍ക്കെതിരെ അന്‍പത്തിയഞ്ചോളം പേര്‍ പരാതി നല്‍കിയെങ്കിലും, ഫ്‌ളൈ വില്ലാ ട്രീ ഉടമകളില്‍ ഒരാളായ ബിനില്‍ കുമാറിനെ അറസ്റ്റ് ചെയ്തതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. അറസ്റ്റിന് ശേഷവും തട്ടിപ്പ് യഥേഷ്ടം തുടരുകയാണ്. വിദേശത്ത് തൊഴില്‍ സ്വപ്നം കണ്ട് കെണിയില്‍ വീണ കൊല്ലം സ്വദേശി നിഷാദിന് പതിനൊന്ന് ലക്ഷം രൂപയാണ് നഷ്ടമായത്. നിലവില്‍ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് നിഷാദ്.

മലയാളിയായ ചിഞ്ചു എന്ന് പേരുള്ള യുവതിയാണ് നിലവില്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. ക്രൂയിസ് കപ്പലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആ കപ്പലില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ടി മാത്രമുള്ളതാണ് ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസ. 12'000 രൂപ മാത്രം ഫീസ് ഉള്ള ഈ വിസക്ക് പത്തും പത്രണ്ടും ലക്ഷമാണ് ഓരോരുത്തരില്‍ നിന്നും വാങ്ങിയിരിക്കുന്നത്. ഇതുപയോഗിച്ച് ന്യൂസിലാന്‍ഡില്‍ തൊഴിലെടുക്കാനാകില്ലെന്നതാണ് വസ്തുത.

തട്ടിപ്പിന്റെ വ്യാപ്തിയറിയാന്‍ ചിഞ്ചു എന്ന യുവതിയുമായി ന്യൂസ് മലയാളം വാര്‍ത്താ സംഘവും വിസക്ക് വേണ്ടി ചാറ്റ് ചെയ്തു. കൊച്ചിയില്‍ ഓഫീസ് തുടങ്ങാന്‍ പോവുകയാണെന്നും നിലവില്‍ ഡല്‍ഹിയിലെ അന്‍സല്‍ ഭവന്‍-കെ.ജി.മാര്‍ഗില്‍ ഓഫീസുണ്ടെന്നും പണം ഓണ്‍ലൈന്‍ വഴി ട്രാന്‍സര്‍ ചെയ്യാനും നിര്‍ദേശം.

മുന്‍പ് തട്ടിപ്പ് കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്ത വ്യക്തിയാണ് ചിഞ്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇവര്‍ നിലവില്‍ ഓണ്‍ലൈനായിട്ടാണ് തട്ടിപ്പ് നടത്തുന്നത്. ന്യൂസ്ലാന്‍ഡിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓരോ തവണയും പത്തും ഇരുപതും പേരടങ്ങുന്ന സംഘത്തെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. പരാതി നല്‍കിയിട്ടും മതിയായ നടപടിയില്ലാത്തത് ഇരയായവരെ കൂടുതല്‍ നിരാശയിലാക്കുകയാണ്. കിടപ്പാടം പണയംവെച്ചും, കടം വാങ്ങിയും പണം നല്‍കിയവര്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ്.

SCROLL FOR NEXT