KERALA

അമിത് ഷാ ഇനിയും വരും വലിയ കള്ളങ്ങളുമായി; ദുരന്തങ്ങള്‍ വന്നപ്പോള്‍ കേരളത്തെ കൈയ്യയച്ചു സഹായിച്ചെന്നത് മുഴുത്ത കള്ളം: ജോണ്‍ ബ്രിട്ടാസ്

നികുതി സംഭാവന ഉള്‍പ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷന്‍ അനുവദിച്ച തുകയില്‍ നിന്ന് സംസ്ഥാനത്തിന് പണം നല്‍കുന്നതിനെയാണ് 'കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന' ആയി അമിത് ഷാ വളച്ചൊടിച്ചത്.

Author : ന്യൂസ് ഡെസ്ക്

ദുരന്തങ്ങള്‍ വന്നപ്പോള്‍ കേരളത്തെ കൈയ്യയച്ചു സഹായിച്ചു എന്ന് അമിത് ഷാ പറഞ്ഞത് മുഴുത്ത കള്ളമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സംസ്ഥാന നികുതി വിഹിതം അടക്കം കേന്ദ്ര ധന കമ്മീഷന്‍ അനുവദിച്ച തുകയെപ്പറ്റിയാണ് പറഞ്ഞത്. ഇതിനെ 'കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന' ആയി അമിത് ഷാ വളച്ചൊടിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന്റെ നികുതി സംഭാവന ഉള്‍പ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷന്‍ അനുവദിച്ച തുകയില്‍ നിന്ന് സംസ്ഥാനത്തിന് പണം നല്‍കുന്നതിനെയാണ് 'കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന' ആയി അമിത് ഷാ വളച്ചൊടിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

വയനാട് ദുരന്തത്തില്‍പെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം പോലും മാനിക്കാന്‍ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നത്. തങ്ങളുടെ ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്ക് കേട്ടാല്‍ ആര്‍ക്കാണെങ്കിലും ബോധക്കേട് വരും. കഴിഞ്ഞ 11 വര്‍ഷക്കാലത്തിനിടയില്‍ 17 ലക്ഷം കോടി രൂപയാണ് നമ്മുടെ ബാങ്കുകള്‍ ഈ ഇനത്തില്‍ എഴുതിത്തള്ളിയതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

132.61 കോടി രൂപയാണ് വയനാട്ടിലെ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ ഹെലികോപ്റ്റര്‍ പറത്തിയ വകയില്‍ കേരളത്തിന് മേല്‍ കേന്ദ്രം ചുമത്തിയ ഭാരം (ചോദ്യോത്തര രേഖ താഴെ). അമിത് ഷാ ഇനിയും വരും, വലിയ വലിയ കള്ളങ്ങളുമായി, കാത്തിരിക്കാമെന്നും അദ്ദേഹം കുറിച്ചു.

കൊച്ചിയില്‍ ഒരുപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അമിത്ഷായുടെ പരാമര്‍ശം. കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ദുരന്ത നിവാരണ ഫണ്ടിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യ സംവാദത്തിനും കേന്ദ്ര ആഭ്യന്തരമന്ത്രി വെല്ലുവിളിച്ചിരുന്നു.

കേരളത്തില്‍ വോട്ട് ബാങ്കിന് വേണ്ടി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും രാജ്യസുരക്ഷയില്‍ വീഴ്ച വരുത്തിയെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടുമെന്നും കേരളത്തില്‍ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദുരന്തങ്ങള്‍ വന്നപ്പോള്‍ കേരളത്തെ കയ്യയച്ചു സഹായിച്ചു എന്ന മുഴുത്ത കള്ളമാണ് ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയില്‍ എഴുന്നള്ളിച്ചത്. ആ വേദിയില്‍ വച്ച് തന്നെ പിന്നീട് മുഖ്യമന്ത്രി അതിന് മറുപടി പറയുകയുണ്ടായി. കേരളത്തിന്റെ നികുതി സംഭാവന ഉള്‍പ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷന്‍ അനുവദിച്ച തുകയില്‍ നിന്ന് സംസ്ഥാനത്തിന് പണം നല്‍കുന്നതിനെയാണ് 'കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന' ആയി അമിത് ഷാ വളച്ചൊടിച്ചത്.

വയനാട് ദുരന്തത്തില്‍പെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം പോലും മാനിക്കാന്‍ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നത്. തങ്ങളുടെ ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്ക് കേട്ടാല്‍ ആര്‍ക്കാണെങ്കിലും ബോധക്കേട് വരും. കഴിഞ്ഞ 11 വര്‍ഷക്കാലത്തിനിടയില്‍ 17 ലക്ഷം കോടി രൂപയാണ് നമ്മുടെ ബാങ്കുകള്‍ ഈ ഇനത്തില്‍ എഴുതിത്തള്ളിയത്!

ഇതിനോടൊപ്പം പറയേണ്ട മറ്റൊരു കാര്യമുണ്ട്.... അത് ചുവടെ... വയനാട് ദുരന്തം ഉള്‍പ്പെടെയുള്ള ഘട്ടങ്ങളില്‍ ദുരന്തബാധിതരെ ഒഴിപ്പിക്കാന്‍ വ്യോമസേന രംഗത്ത് എത്തിയതിന് ജനങ്ങളും മാധ്യമങ്ങളും പുകഴ്ത്തിയിരുന്നല്ലോ. ഇതിനെ കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്നത് മനുഷ്യത്വപരമായ ദുരിതാശ്വാസ മിഷന്‍ എന്നാണ്. ഈ പേര് കേട്ട് നമ്മളും തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഈ ദൗത്യത്തിന്റെ ചെലവ് അണാപൈസ വിടാതെ, ബില്ലായി സംസ്ഥാനത്തിന്റെ മേല്‍ ചുമത്തിയതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ എന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. കൊടുത്തില്ലെങ്കില്‍ ദുരിതാശ്വാസനിധിയില്‍ കേരളത്തിന് അവകാശപ്പെട്ട തുകയില്‍ തട്ടിക്കിഴിക്കും. 132.61 കോടി രൂപയാണ് വയനാട്ടിലെ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ ഹെലികോപ്റ്റര്‍ പറത്തിയ വകയില്‍ കേരളത്തിന് മേല്‍ കേന്ദ്രം ചുമത്തിയ ഭാരം (ചോദ്യോത്തര രേഖ താഴെ).

അമിത് ഷാ ഇനിയും വരും, വലിയ വലിയ കള്ളങ്ങളുമായി, കാത്തിരിക്കാം...

SCROLL FOR NEXT