എസ്. സജീവ്, ചെയർമാൻ, ജോയിൻ്റ് കൗൺസിൽ Source: News Malayalam 24x7
KERALA

"3000ത്തിലധികം ജീവനക്കാർക്ക് വോട്ട് ചെയ്യാൻ കഴിയില്ല"; ദേശീയ കടുവാ സെൻസസ് നീട്ടിവെക്കണമെന്ന് ജോയിന്റ് കൗൺസിൽ

അടുത്ത മാസം 1 മുതൽ 8 വരെ പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 37 ഫോറസ്‌റ്റ് ഡിവിഷനുകളിലാണ് ആദ്യഘട്ട കണക്കെടുപ്പ് നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡിസംബർ ഒന്നിന് സംസ്ഥാനത്ത് ആരംഭിക്കുന്ന ദേശീയ കടുവാ സെൻസസ് നീട്ടിവെക്കണമെന്ന് ജോയിന്റ് കൗൺസിൽ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. സെൻസസ് ജോലി മൂലം മൂവായിരത്തലധികം സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്നാണ് ജോയിൻ്റ് കൗൺസിലിന്‍റെ ആരോപണം.

അടുത്ത മാസം 1 മുതൽ 8 വരെ പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 37 ഫോറസ്‌റ്റ് ഡിവിഷനുകളിലാണ് ആദ്യഘട്ട കണക്കെടുപ്പ് നടക്കുന്നത്. ഡിസംബർ 9 ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ സെൻസസ് നടപടികളുടെ ചുമതല കൂടി വന്നാല്‍ 3000ത്തിലധികം ജീവനക്കാർക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകും എന്നാണ് ജോയിൻ്റ് കൗൺസിലിന്റെ പരാതി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി അല്ലാത്തതിനാൽ ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ സാധിക്കില്ല. മറ്റ് ജില്ലകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്താനും ബുദ്ധിമുട്ടുണ്ട്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുന്ന കടുവാ സെൻസസ് നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജോയിൻ്റ് കൗൺസിൽ കത്തയച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂവായിരത്തിലധികം വോട്ടുകൾ രേഖപ്പെടുത്താതിരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും കൗൺസിൽ ആരോപിച്ചു.

SCROLL FOR NEXT