തിരുവനന്തപുരം: ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ സസ്‌പെന്‍ഡ് ചെയ്തു. ഫ്രാങ്ക്ലിളിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെ തുടർന്നാണ് നടപടി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു.
അതേസമയം, കേസിൽ ജോസ് ഫ്രാങ്ക്ളിന് മുൻകൂർ ജാമ്യം ലഭിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിൽ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉണ്ടായിരുന്നത്. സബ്സിഡിയറി ലോൺ ശരിയാക്കി തരണമെങ്കിൽ തനിക്ക് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടെന്നും രേഖകളുമായി ഓഫീസിൽ പോയപ്പോൾ തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും വീട്ടമ്മ ആരോപിക്കുന്നുണ്ട്.
"ആവശ്യപ്പെട്ട ബില്ലുകൾ കൊടുക്കാൻ പോയപ്പോൾ വിളിക്കുമ്പോഴൊക്കെ ചെല്ലണമെന്നും ആഴ്ചയിലൊരിക്കൽ എവിടെയെങ്കിലും വച്ച് കാണണമെന്നും ആവശ്യപ്പെട്ടു. എൻ്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു. അവൻ്റെ സ്വകാര്യ ഭാഗത്തൊക്കെ എൻ്റെ കൈ പിടിച്ചുവച്ചു. ലോണിൻ്റെ കാര്യമായതിനാൽ തിരിച്ചൊന്നും പറയാനായില്ല," എന്നും ആത്മഹത്യാ കുറിപ്പിൽ വീട്ടമ്മ കുറിച്ചിരുന്നു.
"ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്ക് പോയാൽ ഇങ്ങനെയാണ്. ഭർത്താവില്ലെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. ഞാൻ പോകുന്നു," തുടങ്ങിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് വീട്ടമ്മ ജോസ് ഫ്രാങ്ക്ളിനെതിരെ ഉയർത്തിയിരിക്കുന്നത്.