ജോസ് കെ. മാണി 
KERALA

മുന്നണിമാറ്റ അഭ്യൂഹങ്ങൾക്കിടെ ജോസ് കെ. മാണി കേരളത്തിൽ തിരിച്ചെത്തി; പാർട്ടി യുഡിഎഫിൽ ചേക്കേറുമോ എന്നതിൽ വ്യക്തത വരുത്തിയേക്കും

കേരള കോൺഗ്രസ്.എം. പിളർപ്പിലേക്കെന്ന സൂചനയും ശക്തം

Author : ലിൻ്റു ഗീത

തിരുവനന്തപുരം: മുന്നണി മാറ്റ അഭ്യൂഹം ശക്തമാകുന്നതിനിടെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി കേരളത്തിൽ തിരിച്ചെത്തി. പാർട്ടി യുഡിഎഫിൽ ചേക്കേറുമോ എന്നതിൽ ഇന്ന് ജോസ് കെ. മാണി വ്യക്തത വരുത്തും. മുന്നണി മാറ്റമെന്ന ചർച്ചയിൽ സംശയം നിലനിർത്തി ആയിരുന്നു ഇന്നലെ ജോസ് കെ. മാണിയുടെ പ്രസ്താവന. വിവാദമായതോടെ പിന്നീട് ഇടതുമുന്നണിയിൽ തുടരുമെന്ന് ജോസ് കെ. മാണി തിരുത്തിയിരുന്നു. റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള പ്രബല വിഭാഗം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചത് കേരള കോൺഗ്രസ് എം പിളർപ്പിലേക്ക് എന്ന് സൂചന നൽകുന്നതാണ്. എന്നാൽ എല്ലാ നേതാക്കളെയും സമന്വയിപ്പിച്ച് യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നതായാണ് വിവരം.

അതേസമയം, ഇടതുമുന്നണി വിടാൻ ജോസ് കെ. മാണി തീരുമാനിച്ചാൽ കേരള കോൺഗ്രസ് വീണ്ടും പിളരും. മൂന്ന് എംഎല്‍എമാരും 10 ജില്ലാ പ്രസിഡന്റുമാരും എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍. ജയരാജ്, അഡ്വ. പ്രമേദ് നാരായണന്‍ എന്നിവര്‍ എൽഡിഎഫിൽ തുടരും. കോട്ടയം, എറണാകുളം, കൊല്ലം, പാലക്കാട് ജില്ലാ പ്രസിഡന്റുമാരാണ് യുഡിഎഫിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നത്.

ജോസ് കെ. മാണി മുന്നണി മാറുകയാണെന്ന ചർച്ചകൾ സജീവമായതോടെ എൽഡിഎഫ് മധ്യമേഖല ജാഥയിലും അനിശ്ചിതത്വം ഉണ്ടായി. ജാഥ നയിക്കാൻ ഇല്ലെന്ന് ജോസ് കെ. മാണി നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ജാഥ ക്യാപ്റ്റൻ സ്ഥാനം ജോസ് കെ. മാണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. പകരം എൻ. ജയരാജിന്റെ പേര് നിർദേശിച്ചതായും സൂചനയുണ്ട്. ജോസ് കെ. മാണിയുടെ നീക്കത്തിൽ സിപിഐഎമ്മിനുൾപ്പെടെ അതൃപ്തിയുണ്ട്. ജോസ് ഇല്ലങ്കിൽ ജാഥ ക്യാപ്റ്റൻ സ്ഥാനം സിപിഐഎം ഏറ്റെടുത്തേക്കും.

SCROLL FOR NEXT