തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാൻ നീക്കം സജീവമാക്കി കോൺഗ്രസ്. ഹൈക്കമാൻ്റുമായി രണ്ട് ഘട്ട ചർച്ചകൾ പൂർത്തിയായി. കെപിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇതിനോടകം ചർച്ച നടത്തിക്കഴിഞ്ഞു. കത്തോലിക്ക സഭയും ചർച്ചകളിൽ ഇടപെട്ടെന്നാണ് പുറത്തുവരുന്ന വിവരം. സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചെപ്പെട്ടാൽ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയേക്കും.
ജോസ് കെ. മാണി മുന്നണി മാറുകയാണെന്ന ചർച്ചകൾ സജീവമായതോടെ എൽഡിഎഫ് മധ്യമേഖല ജാഥയിലും അനിശ്ചിതത്വം ഉണ്ടായി. ജാഥ നയിക്കാൻ ഇല്ലെന്ന് ജോസ് കെ. മാണി നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ജാഥ ക്യാപ്റ്റൻ സ്ഥാനം ജോസ് കെ. മാണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. പകരം എൻ. ജയരാജിന്റെ പേര് നിർദേശിച്ചതായും സൂചനയുണ്ട്. ജോസ് കെ. മാണിയുടെ നീക്കത്തിൽ സിപിഐഎമ്മിനുൾപ്പെടെ അതൃപ്തിയുണ്ട്. ജോസ് ഇല്ലങ്കിൽ ജാഥ ക്യാപ്റ്റൻ സ്ഥാനം സിപിഎം ഏറ്റെടുത്തേക്കും.
അതേസമയം മുന്നണി മാറ്റ ചർച്ചകൾക്കിടെ എൽഡിഎഫിനൊപ്പം തുടരുമെന്ന് സൂചിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിൽ എത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് റോഷിയുടെ പ്രതികരണം.