യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റാവാനുള്ള ജെ.എസ്. അഖിലിൻ്റെ യോഗ്യതയെന്താണെന്ന നേമം ഷജീറിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജെ.എസ് അഖിൽ. നന്നായി, അടികൊണ്ടാണ് ഇവിടെ വരെ എത്തിയത്’ എന്ന് പറഞ്ഞ അഖിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിക്കാൻ ആരും വളർന്നിട്ടില്ലെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഖിലിൻ്റെ പ്രതികരണം.
ഉമ്മൻ ചാണ്ടി തന്റെ പേര് നിർദേശിച്ചത് മറ്റാരെക്കാളും യോഗ്യത തനിക്കുണ്ടെന്ന ബോധ്യത്തിലാണെന്നും അഖിൽ പറഞ്ഞു. ആ മനുഷ്യൻ നൽകിയ പരിഗണന തന്നെയാണ് തന്റെ യോഗ്യത. ഉമ്മൻ ചാണ്ടി തന്നെ വിശ്വസിക്കുകയും പരിഗണിക്കുകയും ചെയ്തതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചയാളാണെന്നും അഖിൽ ആരോപിച്ചു. ആരുടെ പെട്ടിയാണ് താങ്ങിയതെന്ന് ആ പ്രസ്ഥാനത്തിലെ സാമാന്യബോധമുള്ളവർക്ക് അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
ഷാഫി പറമ്പിലിനെതിരായി മറിയാമ്മ ഉമ്മൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ജെ.എസ്. അഖിലിന്റെ മറുപടി. ഇരുവരുടെയും പ്രതികരണങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..
ആളെ കൂട്ടിയും നന്നായി അടി കൊണ്ടും നന്നായി ജലപീരങ്കി നനഞ്ഞുമൊക്കെ തന്നെയാണ് ഇവിടം വരെ എത്തിയത്.
ഞാൻ സമരങ്ങളിൽ പങ്കെടുക്കുന്നതും ഞാൻ പോലീസിന്റെ അടി കൊണ്ടതും ഞാൻ ജയിലിൽ കിടന്നതും എന്റെ പേരിൽ എത്ര പോലിസ് കേസുകൾ ഉണ്ടെന്നും തെളിയിച്ചാൽ ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അതിന് കുടപിടിക്കുന്ന വ്യക്തിയും പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണോ?
ഉമ്മൻചാണ്ടി സാറിന്റെ കുടുംബത്തെ ആക്ഷേപിക്കാനൊന്നും ആരോപണം ഉന്നയിക്കുന്നവർ ഉൾപ്പെടെ ആരും വളർന്നിട്ടില്ല. മാറ്റാരേക്കാൾ യോഗ്യത എനിക്കുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ എന്നെ പരിഗണിച്ചതും കൂടെ നിർത്തിയതും പല ഇടങ്ങളിൽ എന്റെ പേര് നിർദേശിച്ചതും. അതുകൊണ്ട് ആ മനുഷ്യന്റെ പരിഗണന തന്നെയാണ് എന്റെ യോഗ്യത. കുതികാൽ വെട്ടാതെ ആ മനുഷ്യനൊപ്പം അവസാനം വരെ നിന്നതും എന്റെ യോഗ്യത തന്നെയാണ്.
മറഞ്ഞിരുന്ന് ഈ വ്യക്തിയെകൊണ്ട് ആരോപണം ഉന്നയിപ്പിക്കുന്നവർക്കൊക്കെ ഉമ്മൻചാണ്ടിയുടെ വീട്ടിലെ അടുക്കളയിൽ വരെ ബന്ധം ഉണ്ടായിരുന്നവർ തന്നെയാണ്.ഉമ്മൻചാണ്ടിയുടെ വീട്ടിൽ കറങ്ങി നടക്കാൻ എല്ലാവർക്കും പറ്റില്ല ഉമ്മൻചാണ്ടിയുടെ കൂടെ സ്നേഹം കിട്ടുന്നവർക്കും അദ്ദേഹത്തോട് ആത്മാർത്ഥത ഉള്ളവർക്കും മാത്രമേ അദേഹത്തിന്റെ വീട്ടിൽ കയറി ചെല്ലുന്നതിനും മരണം വരെ അദ്ദേഹത്തിനൊപ്പം നിൽക്കുന്നതിനും കഴിഞ്ഞിട്ടുമുള്ളു. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞവർക്കും തള്ളിപറഞ്ഞവർക്കും ആ വീട്ടിലേക്ക് കയറി ചെല്ലാൻ ഒട്ടും പറ്റില്ല എന്ന ഒരു വസ്തുത കൂടിയുണ്ടല്ലോ.
പിന്നെ സ്വന്തം നാട്ടിലും ഈ ജില്ലയിലും ഞാൻ എത്ര പൊതുപരിപാടികളിൽ പങ്കെടുക്കുന്നു, ഈ കഴിഞ്ഞ കാലങ്ങളിൽ എത്ര പാർട്ടി, സമര പരിപാടികളിൽ പങ്കെടുത്തിരുന്നു എന്നെല്ലാം എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നോക്കിയാൽ മനസിലാകും.
KSU ഭാരവാഹിത്വത്തിലൂടെ സെനറ്റ് മെമ്പറയും സിന്ഡിക്കേറ്റ് മെമ്പാറയും, സംസ്ഥാന KSU വിന്റെ ജനറൽ സെക്രട്ടറിയയും ഞാൻ തെരുവിൽ സമരങ്ങളിൽ പങ്കെടുക്കുന്ന കാലത്ത് ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തി ഏത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നത് ചോദ്യം ചെയ്യേണ്ട മറ്റൊരു വസ്തുതയാണ്.
വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ഏത് കാലത്താണ് യൂത്ത് കോൺഗ്രസ്സിലേക്ക് വന്നതെന്നും വളരെ പെട്ടെന്ന് എങ്ങനെ ജില്ലാ പ്രസിഡന്റ് ആയെന്നും അത് ആരുടെ പെട്ടി താങ്ങി ആണെന്നും ഈ പ്രസ്ഥാനത്തിലെ സാമാന്യ ബോധമുള്ളവർക്ക് നന്നായി അറിയാം
എന്തായാലും കുറച്ചു ചിത്രങ്ങൾ താഴെ കൊടുക്കുന്നു. ഒരു 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് വിവരാവകാശമിട്ടാൽ ഞാൻ ജയിലിൽ കിടന്നതിന്റെയും എന്റെ പേരിലുള്ള പോലിസ് കേസുകളുടെയും വിവരങ്ങൾ കിട്ടും.