പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സയെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ ചികിത്സ പിഴവില്ലെന്ന് കെജിഎംഒഎ. സമഗ്ര റിപ്പോർട്ട് വരും മുമ്പേ എല്ലാം ക്ലിയർ ആണെന്നാണ് കെജിഎംഒഎയുടെ അവകാശവാദം.
അപൂർവമായി നടക്കുന്ന സംഭവമാണ് ഇതെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം. കുട്ടിയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിരുന്നില്ലെന്നും, നീരോ വേദനയോ ഉണ്ടെങ്കിൽ വീണ്ടും വരാൻ പറഞ്ഞിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
ജില്ലാ ആശുപത്രി ഓർത്തോ മേധാവി ഡോ. ടോണി ജോസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ, കെജിഎംഒഎ ജില്ലാ സെക്രട്ടറി ഡോ. വൈശാഖ് ബാലൻ, എന്നിവർ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഡോക്ടർമാരെ ന്യായീകരിച്ച് കൊണ്ട് സംസാരിച്ചത്. അതേസമയം,ഡിഎംഒ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
കുട്ടിക്ക് ശസ്ത്രീയ ചികിത്സ നൽകിയിട്ടുണ്ട്. എന്നാൽ കുട്ടിയുടെ കൈയ്യിലെ രക്തപ്രവാഹം നിലക്കാൻ കാരണമെന്താണെന്നത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ല. വീഴ്ച പറ്റിയത് അംഗീകരിക്കാത്ത റിപ്പോർട്ട് ആണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സിജു കെ.എം, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗം ജൂനിയർ കൺസൽട്ടൻ്റ് ഡോ. ജൗഹർ കെ.ടി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനേഷണം നടത്തിയത്. സെപ്റ്റംബർ 24, 25 തീയതികളിൽ ജില്ലാ ആശുപത്രിയിലെ ഓർത്തോ ഡിപ്പാർട്ട്മെൻ്റിൽ എത്തിയ കുട്ടിയുടെ കൈയിൻ്റെ രക്തഓട്ടത്തിൽ ഒരു പ്രശ്നവും ഇല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റ് 24ന് ജില്ലാ ആശുപത്രിയിൽ എത്തിയ വിനോദിനി എന്ന കുട്ടിയുടെ വലതു കൈയ്യിൻ്റെ രണ്ട് എല്ലുകൾ പൊട്ടിയിരുന്നു. രക്ത ഓട്ടത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ജുനിയർ റെസിഡൻ്റ് ഡോ. മുസ്തഫയാണ് പ്ലാസ്റ്റർ ഇട്ടത്. പിറ്റേ ദിവസം കുട്ടിയും രക്ഷിതാക്കളും ആശുപത്രിയിൽ വന്നു. പ്രത്യകിച്ച് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റർ എടുക്കാൻ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ നിർദേശിക്കുകയും ചെയ്തു.
30ാം തീയതി അസിസ്റ്റൻ്റ് സർജൻ ഡോ. വൈശാഖിൻ്റെ ഒപിയിൽ കുട്ടിയെ എത്തിച്ചപ്പോൾ കൈയിൽ നീര് വച്ചിരുന്നു. കൂടാതെ രക്തയോട്ടം നിലച്ച അവസ്ഥയിലും ആയിരുന്നു. ഇതിനെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം നിലച്ചതും കൈയിൽ പഴുപ്പും വന്നതുകാരണം കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവരികയായിരുന്നു.