Source: Social Media
KERALA

"യുദ്ധം തോറ്റ ക്യാപ്റ്റന്റെ വിലാപം"; മുഖ്യമന്ത്രി നടത്തിയത് അപകടകരമായ പ്രസ്താവനകളെന്ന് കെ.സി. വേണുഗോപാൽ

സിപിഐഎം നേരിടാൻ പോകുന്നത് ചരിത്ര തോൽവിയാണ്. അതിന്റെ ക്രെഡിറ്റ് പിണറായി വിജയനാണെന്നും വേണുഗോപാൽ പറഞ്ഞു.

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം യുദ്ധം തോറ്റ ക്യാപ്റ്റന്റെ വിലാപമെന്ന് പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അപകടകരമായ പ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തിയത്. എ. കെ. ബാലനെക്കൊണ്ട് പറയിപ്പിച്ചത് ആരെന്ന് ഇന്ന് വ്യക്തമായെന്നും വേണുഗോപാൽ എംപി പറഞ്ഞു.

1996ലെ ദേശാഭിമാനി പത്രത്തിൽ ജമാഅത്തെ ക്ക് നന്ദി പറഞ്ഞു വാർത്ത ഉണ്ട്. കോടിയേരി ബാലകൃഷ്ണന്റെ പരാമർശം നിയമസഭയിൽ ഉണ്ട്. മാറാട് കലാപത്തിൽ മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്താൻ സിപിഐഎം ജമാഅത്തെയുടെ കൂടെ നിന്നു. പിആർ ടീമിന്റെ വാക്ക് കേട്ട് ദേശീയ മാധ്യമത്തിൽ മലപ്പുറത്തിനെതിരെ പരാമർശം നടത്തിയ ആളാണ് മുഖ്യമന്ത്രി. നാല് വോട്ടിന് വേണ്ടി മുഖ്യമന്ത്രി നടത്തുന്നത് അപകടകരമായ പ്രസ്താവനകളെന്നും വേണുഗോപാൽ പറഞ്ഞു.

സ്വർണകൊള്ളക്കാരെ ഇരുകക്ഷത്തിലും ചേർത്ത് നിർത്തുന്ന ആൾ പറയുന്നു ഇവിടെ കൈക്കൂലി ഇല്ലെന്ന്. പിണറായി വിജയൻ ആർഎസ്എസിന്റെയും ബിജെപി യുടെയും സ്പോക്പേഴ്‌സനാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. അവർ പറയാൻ മടിക്കുന്നത് പോലും മുഖ്യമന്ത്രി പറയുന്നു. സിപിഐഎം നേരിടാൻ പോകുന്നത് ചരിത്ര തോൽവിയാണ്. അതിന്റെ ക്രെഡിറ്റ് പിണറായി വിജയനാണെന്നും വേണുഗോപാൽ പറഞ്ഞു.

വി.ഡി. സതീശൻ മത മേലധ്യക്ഷന്മാരെ കണ്ടത് വ്യക്തിപരമായ കാര്യമാണ്. അതിനെ തെരഞ്ഞെടുപ്പ് നീക്കമായി മാറ്റാൻ നോക്കേണ്ട. എസ്‌ഡിപിഐ വർഗീയ കക്ഷി തന്നെയാണ് ആലപ്പുഴയിലെ സഖാക്കന്മാർ അവർക്ക് കൈ കൊടുത്തത് ഇന്ന് കണ്ടില്ലേയെന്നും കോൺഗ്രസ് അതിൽ നിലപാട് വ്യക്തമാക്കിയതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

SCROLL FOR NEXT