തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൻ്റെ ഒന്നാംഘട്ട സ്ഥാനാർഥി ചിത്രം തെളിയുന്നു. 20 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ 30 പേരുടെ പട്ടികയ്ക്ക് സ്ക്രീനിങ് കമ്മിറ്റി അംഗീകാരം നൽകി. വട്ടിയൂർക്കാവിൽ കെ. മുരളീധരനും , മണലൂരിൽ ടി.എൻ. പ്രതാപനും സ്ഥാനാർഥികളാകും. പാലക്കാടും തൃപ്പൂണിത്തുറയിലും ആര് സ്ഥാനാർഥിയാകുമെന്നതിൽ സസ്പെൻസ് തുടരുകയാണ്.
പാലക്കാടും തൃപ്പൂണിത്തറയിലും പുതുമുഖങ്ങളെ രംഗത്തിറക്കുന്നതിൽ സ്ക്രീനിംഗ് കമ്മിറ്റി പിന്നീട് തീരുമാനമെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സിറ്റിങ് എംഎൽഎമാർക്ക് മണ്ഡലം മാറി മത്സരിക്കാനുള്ള അനുമതി സ്ക്രീനിങ് കമ്മിറ്റി നിഷേധിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകും.
കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ പുറത്തുവരുമെന്ന റിപ്പോർട്ടിനിടെയാണ് സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ച സ്ഥാനാർഥികളുടെ പേര് വിവരം പുറത്തുവന്നത്. രണ്ട് നിയമസഭാ മണ്ഡലങ്ങൾ ഒഴികെ കോൺഗ്രസ് സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കും. തൃക്കാക്കരയിൽ ഉമാ തോമസ് തന്നെ ജനവിധി തേടുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സമിതികൾക്ക് കോൺഗ്രസ് നേരത്തെ രൂപം നൽകിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണസമിതി ചെയർമാൻ. തിരുവനന്തപുരം എംപി ശശി തരൂർ സഹ അധ്യക്ഷനാകും. യുവ നേതാക്കളക്കം പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്.
പ്രചാരണസമിതി കൺവീനറായി വടകര എംപിയും കെപിസിസി വർക്കിങ് പ്രസിഡൻ്റുമായ ഷാഫി പറമ്പിലിനെയും നിയമിച്ചു. പ്രകടന പത്രിക സമിതിയുടെ ചെയർമാൻ ബെന്നി ബെഹന്നാൻ ആണ്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹ അധ്യക്ഷൻ. യുവാക്കളെയും മുതിർന്ന നേതാക്കളെയും ഒരുപോലെ ഉൾപ്പെടുത്തിയ പ്രചാരണ സമിതിക്ക് തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.