പത്തനംതിട്ട: ശബരിമല വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരിന് കൈമാറിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഉത്തരവിറക്കിയ സമയത്ത് ഭരണസമിതി യുഡിഎഫിന്റേതായിരുന്നു. പക്ഷേ വാജി വാഹനം തന്ത്രിക്ക് നല്‍കിയ സമയത്ത് ഭരണസമിതിയില്‍ ഇടത് അംഗവും ഉണ്ടായിരുന്നുവെന്ന് കെ. മുരളീധരന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം മറുപടി പറയട്ടെ.
തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാം എന്ന് ആരും കരുതേണ്ട. മന്ത്രിയെ ഒഴിവാക്കാനായി ഇത്തരം ചെപ്പടി വിദ്യകള്‍ കാണിച്ചാലും യുഡിഎഫ് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ശബരിമലയിലെ വാജി വാഹന കൈമാറ്റത്തില്‍ തന്ത്രിക്ക് കുരുക്കായാണ് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് വന്നത്. വാജി വാഹനം കൈമാറിയത് യുഡിഎഫ് നിയമിച്ച ബോര്‍ഡാണ്. ഇതോടെയാണ് യുഡിഎഫും പ്രതിരോധത്തിലായിരിക്കുകയാണ്.
2012ലെ ഉത്തരവിലാണ് ക്ഷേത്രവസ്തുക്കള്‍ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന ചട്ടമുള്ളത്. ഇതില്‍ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് തീരുമാനം. ഈ ഉത്തരവ് നിലനില്‍ക്കേയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് വാജി വാഹനം തന്ത്രിക്ക് നല്‍കിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസമാണ്, തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത വാജി വാഹനം കോടതിയില്‍ ഹാജരാക്കിയത്. കൊല്ലത്തെ കോടതിയിലാണ് എസ്‌ഐടി വാജി വാഹനം ഹാജരാക്കിയത്. വാജിവാഹനം വീട്ടിലുണ്ടെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തന്ത്രിയുടെ വീട്ടിലെത്തിയ അന്വേഷണസംഘം വാജി വാഹനം കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയത്.