തൃശൂർ: രമേശ് ചെന്നിത്തലയെ പോലെയുള്ള നേതാവിനെ മന്ത്രിസഭയിൽ ആവശ്യമാണെന്ന് കെ. മുരളീധരൻ. ചെന്നിത്തല എല്ലാകാലത്തും ഹൈക്കമാൻഡിന്റെ നിലപാടുകൾ അംഗീകരിച്ച അച്ചടക്കമുള്ള വ്യക്തിയാണ്. ഇത്തവണയും അദ്ദേഹം ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്നതിൽ തർക്കമില്ല. മന്ത്രിസഭയിലേക്ക് രമേശ് എത്തണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡും അദ്ദേഹവുമാണെന്നും കെ. മുരളീധരൻ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കമാൻഡ് എല്ലാ വിഭാഗം നേതാക്കളുമായി ചർച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ജനവികാരവും കോൺഗ്രസ് നേതാക്കളുടെ വികാരവും കണക്കിലെടുത്താണ് തീരുമാനം പ്രഖ്യാപിച്ചത്. ലീഗിന് വഴങ്ങിയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത് എന്ന് പറയുന്നത് സിപിഐഎമ്മിന്റെ അവസാനത്തെ അടവാണ്. പരാജയം അംഗീകരിക്കാത്ത സിപിഐഎം വീണിടത്ത് കിടന്ന് ഉരുളുകയാണ്. ബിജെപി ഒരുകാരണവശാലും കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട താൻ ആരോടും സംസാരിച്ചിട്ടില്ലെന്നും തന്നോടും ആരും സംസാരിച്ചിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. എന്നാൽ ഹൈക്കമാൻഡ് ഒരു കാര്യം തീരുമാനിച്ചാൽ അതിനപ്പുറത്തേക്ക് മറ്റൊന്നും ഉണ്ടാകില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതാവായാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും. മുഖ്യമന്ത്രിയായിരുന്നപ്പോൾ 102 സീറ്റ് കിട്ടി, പ്രതിപക്ഷ നേതാവായിരുന്നാൽ അസംബ്ലി തൂത്തുവാരും. പിണറായി പ്രതിപക്ഷ നേതാവായിരിക്കുന്നതാണ് കോൺഗ്രസിനും യുഡിഎഫിനും നല്ലതെന്നും ശക്തമായ പ്രതിപക്ഷം വേണമെന്നാണ് കോൺഗ്രസ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.