KERALA

രാഹുൽ ഗാന്ധി വിളിച്ചില്ല; അനുനയ ചർച്ച കേരളത്തിൽ, കെ. സുധാകരൻ ഡൽഹിയിലേക്കില്ല

എറണാകുളത്തും കെ. സുധാകരനെ അനുകൂലിച്ച് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ പിണങ്ങിത്തിരിച്ച കെ. സുധാകരൻ അനുനയ ചർച്ചകൾക്കായി ഡൽഹിയിലേക്കില്ലെന്ന് റിപ്പോർട്ടുകൾ. സുധാകരനെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചിട്ടില്ലെന്നാണ് വിവരം. മറ്റ് എഐസിസി നേതാക്കളും സുധാകരനെ ബന്ധപ്പെട്ടില്ല. അനുനയ ചർച്ച കേരളത്തിലെ നേതാക്കൾ ഇടപെട്ടാകും നടത്തുക. കണ്ണൂർ സീറ്റിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പറഞ്ഞതോടെ സുധാകരന്റെ പ്രതീക്ഷകൾ അസ്തമിക്കാനാണ് സാധ്യത

അതേ സമയം എറണാകുളത്തും കെ. സുധാകരനെ അനുകൂലിച്ച് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും അടക്കമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പറവൂരിൽ വി.ഡി. സതീശന്റെ ഓഫീസിന് സമീപത്തും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് ഫ്ലെക്സ് വച്ചിരിക്കുന്നത്. "വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ്... ചരിത്രം വാക്കുപാലിച്ചവരുടേതാണ് " എന്ന തലക്കെട്ടിലാണ് പോസ്റ്ററുകൾ

നിയമസഭയിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയിൽ സാധ്യതയില്ല എന്നറിഞ്ഞതോടെ സുധാകരനായി ഒരു വിഭാഗം രംഗത്തുവന്നിരുന്നു. കണ്ണൂരിനെ കുറിച്ച് അതിവൈകാരിക കുറിപ്പുമായി കെ. സുധാകരനും കഴിഞ്ഞ ദിവസം പ്രതികരിച്ചു. നേരത്തേ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മത്സരിക്കും മത്സരിക്കും മത്സരിക്കും എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം.

സീറ്റിനായി കെ. സുധാകരൻ ഉയർത്തിയ കലാപത്തിൽ കോൺഗ്രസ് ആടിയുലയുകയാണ്. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. സമ്മർദം ശക്തമാക്കിയിട്ടും സ്ക്രീനിങ് കമ്മിറ്റിക്ക് കെപിസിസിക്ക് കൈമാറിയത് സുധാകരൻ്റെ പേരില്ലാത്ത പട്ടികയാണ്. കണ്ണൂരിൽ റിജിൽ മാക്കുറ്റിയടെയും അമൃത രാമകൃഷ്ണൻ്റെയും പേരാണുള്ളത്.

SCROLL FOR NEXT