KERALA

ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കില്ല, കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ജി. സുധാകരൻ

ഒരു ദൗത്യവുമായി ഒരു പാർട്ടി നേതാവും തൻ്റെ അടുത്ത് വന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് വ്യക്തമാക്കി ജി. സുധാകരൻ. കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും ഒരു ദൗത്യവുമായി ഒരു പാർട്ടി നേതാവും തൻ്റെ അടുത്ത് വന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ആരും നിർബന്ധിച്ചല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും സുധാകരൻ ഓർമപ്പെടുത്തി.

പാർട്ടി ആശയങ്ങളും ആദർശങ്ങളും താൻ ഉപേക്ഷിച്ചില്ല. 36 വർഷം പാർട്ടി വിദ്യാഭ്യാസ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നു. പാർട്ടിക്ക് വേണ്ടി ജീവിച്ചു. 12 പാർട്ടി കോൺഗ്രസുകളിൽ കേരളത്തിന് വേണ്ടി സംസാരിച്ചു. ഒരിക്കലും പാർട്ടിയെ ആക്ഷേപിക്കില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യാനില്ലെന്നും സുധാകരൻ പറഞ്ഞു.

പൊളിറ്റിക്കൽ ക്രിമിനലുകളെ പലരും പാർട്ടിയിൽ ഒപ്പം കൊണ്ടു നടക്കുന്നു. അവരെ വെച്ച് തന്നെ വ്യക്തിഹത്യ നടത്തുന്നു. വ്യക്തിഹത്യ കൊണ്ട് പാർട്ടി നശിക്കും. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന നില വന്നു. പാർട്ടിക്ക് രാഷ്ട്രീയമായ ഇടിവ് സംഭവിച്ചു എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

റോസാപ്പൂ വിരിച്ച പാതയിലൂടെയല്ല താൻ കടന്നുവന്നത്. ഇനിയും ജയിച്ച് നിയമസഭയിൽ പോയാൽ അഴിമതിക്കെതിരെ സംസാരിക്കുമെന്ന് സുധാകരൻ പറഞ്ഞു. ഭരണഘടനയെ വിമർശിക്കാം. എന്നാൽ കുന്തവും കുടചക്രവും എന്നൊന്നും പറയേണ്ടേ കാര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

അയാൾ രണ്ട് തവണ മന്ത്രി ആയില്ലേ അയാൾക്ക് ഇനി എന്താ വേണ്ടതെന്ന് എന്നോട് മാത്രമാണ് ചോദിക്കുന്നത്. എത്ര തവണ ആയി എന്നതിൽ അല്ല, ആ സ്ഥാനത്ത് ഇരുന്ന സമയത്ത് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നാണ് നോക്കേണ്ടത്. തന്നോടൊപ്പം പ്രവർത്തിച്ചവരിൽ രണ്ടിൽ കൂടുതൽ തവണ മന്ത്രി ആയവരില്ലേ. ഐസക്കിനോട് എന്താ ഇതൊന്നും ചോദിക്കാത്തത് എന്നും സുധാകരൻ ചോദിച്ചു.

അമ്പലപ്പുഴ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എളമരം കരീം സമർപ്പിച്ച റിപ്പോർട്ട് കള്ള റിപ്പോർട്ട് ആണെന്നും സുധാകരൻ ആരോപിച്ചു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് കൊണ്ടാണ് 22 ആരോപണങ്ങളടങ്ങിയ റിപ്പോർട്ട് തയ്യാറാക്കിയത്. താൻ നൽകിയ വിശദീകരണത്തിലെ ഒരു വരി പോലും 25 പേജുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ദേശാഭിമാനിയല്ലാത്ത എല്ലാ പത്രങ്ങളും തന്നെ സംബന്ധിച്ച വ്യാജവാർത്ത നൽകിയിട്ടുണ്ട്. ദേശാഭിമാനി മുൻപേ തന്നെക്കുറിച്ചുള്ള വാർത്തകൾ നൽകാറോ പരിഗണിക്കാറോ ഇല്ല. പെരുമ്പളം പാലത്തിൻ്റെ നിർമാണത്തെക്കുറിച്ച് അഞ്ചോ ആറോ തവണ ദേശാഭിമാനിയിൽ വാർത്തകൾ വന്നിരുന്നു. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആവിഷ്‌കരിച്ച പദ്ധതിയാണിത്. എന്നാൽ ഈ വാർത്തകളിലൊന്നും തൻ്റെ പേര് പരാമർശിക്കാൻ അവർ തയ്യാറായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽ നിന്നും സുധാകരൻ പോയാൽ വെറും ശൂ...ആകുമെന്ന എം.എം. മണിയുടെ പരിഹാസത്തിന് , ഇടുക്കിയിലെ ശൂ ആണ് മണി എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം.

SCROLL FOR NEXT