തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ബിജെപി മേയറായി വി.വി. രാജേഷ് ചരിത്രം കുറിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാരാര്‍ജി ഭവന് മുന്നിൽ മേയര്‍, ഡെപ്യൂട്ടി മേയര്‍ കാറുകള്‍ കിടക്കുന്ന ചിത്രം പങ്ക് വച്ചാണ് കെ. സുരേന്ദ്രൻ്റെ സമൂഹമാധ്യമ പോസ്റ്റ്. 'കട്ട വെയ്റ്റിംഗ് KERALA STATE -1' എന്ന ക്യാപ്ഷനോടെയാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്.
"കേരളത്തിലെ ആദ്യത്തെ ബിജെപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാറുകൾ ഇന്ന് ബിജെപി സംസ്ഥാന ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നു. വളരെ വേഗം കേരള മുഖ്യമന്ത്രിയുടെ കാറും ഇവിടെ പാർക്ക് ചെയ്യും. ഉറപ്പാണ്," എക്സിൽ സുരേന്ദ്രൻ കുറിച്ചു.
നാല് പതിറ്റാണ്ടിന്റെ ഇടതുഭരണത്തിന് വിരാമമിട്ടാണ് കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തത്. പാർട്ടിയുടെ അഭിമാന മുഹൂർത്തത്തിന് സാക്ഷിയാകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പടെയുള്ള നേതാക്കളും എത്തിയിരുന്നു. അതേസമയം മേയർ- ഡെപ്യൂട്ടി മേയർ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷം നടപടികൾ പൂർത്തിയാകും മുൻപ് കോർപ്പറേഷനിൽ നിന്ന് മടങ്ങി ആർ. ശ്രീലേഖ അതൃപ്തി പരസ്യമാക്കി.