Source: FB/ Shibu Baby John
KERALA

"മുഖ്യമന്ത്രിക്ക് ഇതിൽ ദുരൂഹത തോന്നാത്തതെന്ത്?"; പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രൻ്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം പുറത്തുവിട്ട് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിൽ ദുരൂഹത തോന്നിയ മുഖ്യമന്ത്രി പിണറായി വിജയന് ഈ ചിത്രത്തിൽ ദുരൂഹത തോന്നാത്തത് എന്തെന്നും ഷിബു ബേബി ജോൺ ചോദ്യം ഉന്നയിച്ചു. ഇവരുടെ കൂടെയുള്ള പൊലീസുകാരൻ ആരെന്നും ഷിബു ബേബി ജോൺ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഈ ചിത്രങ്ങൾ നേരത്തെ എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?

പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയത്.

ഇവർ ഇരിക്കുന്നത് ബാംഗ്ലൂർ എയർപോർട്ടിൽ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തത്?

SCROLL FOR NEXT