KERALA

"കാഫിർ സ്ക്രീൻഷോട്ട് എവിടെ നിന്ന് ലഭിച്ചെന്ന് അറിയില്ല"; ഇടത് സൈബർ ഗ്രൂപ്പ് അഡ്‌മിൻ്റെ മൊഴി

വടകര സ്ക്വാഡ് ഗ്രൂപ്പിൽ നിന്നും കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ സ്ക്രീൻ ഷോട്ട് എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ലെന്ന് ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻ്റെ മൊഴി. വടകരസ്ക്വാഡ് എന്ന സൈബർ ഗ്രൂപ്പിൻ്റെ അഡ്മിനാണ് ജിതിൻ. വടകര തിരുവള്ളൂർ സ്വദേശി ജിതിനാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വടകര സ്ക്വാഡ് ഗ്രൂപ്പിൽ നിന്നും കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം തൃപ്തികരമാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. ഇപ്പോൾ ഒരു ആക്ഷേപവും പറയുന്നില്ലെന്നും കേസിൽ അന്വേഷണം നടക്കട്ടെയെന്നും എം. മെഹബൂബ് വ്യക്തമാക്കി.

വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുണ്ടായിരുന്നത്.

ഈ സന്ദേശം പെട്ടെന്ന് തന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു.

വി.ഡി. സതീശൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഈ കേസിൽ പുനരന്വേഷണം നടത്താൻ എസ്ഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി സിപിഐഎം അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻമാർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ, റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടർ എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കാണ് നോട്ടീസ് അയച്ചത്.

SCROLL FOR NEXT