Source: Screengrab
KERALA

'കാലം പറഞ്ഞ കഥ' വെഞ്ഞാറമൂട് സംഭവത്തെ ആസ്പദമാക്കിയുള്ളതല്ല, കേസ് നിയമപരമായി നേരിടും: സംവിധായകന്‍ പ്രസാദ് നൂറനാട്

നമ്മൾ സൃഷ്ടിച്ചൊരു കഥ മാത്രമാണിത്. കഥയും കഥാപാത്രങ്ങളുമെല്ലാം സാങ്കല്പികമാണെന്നും പ്രസാദ് നൂറനാട്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് സംഭവത്തെ ആസ്പദമാക്കിയല്ല 'കാലം പറഞ്ഞ കഥ' സിനിമയെന്ന് സംവിധായകൻ പ്രസാദ് നൂറനാട്. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ്റെ പിതാവ് റഹീം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രസാദ് നൂറനാടിൻ്റെ പ്രതികരണം.

ഒരാഴ്ച മുമ്പ് വെഞ്ഞാറമൂട് കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ തന്നെ വിളിച്ചിരുന്നുവെന്നും ടീസറും ബന്ധപ്പെട്ട വാർത്തകളും കണ്ട് തെറ്റിദ്ധരിച്ചതാണെന്നും പ്രസാദ് നൂറനാട് പറഞ്ഞു. പല സംഭവങ്ങൾ കോർത്തിണക്കിയ കഥയാണ് സിനിമ പറയുന്നത്. കുട്ടികൾക്ക് ബോധവൽക്കരണമെന്ന നിലയിലാണ് സിനിമ ഒരുക്കിയത്. വെഞ്ഞാറമൂട് സംഭവത്തെ ആസ്പദമാക്കിയല്ല സിനിമ. നായകനെ കേന്ദ്രീകരിച്ച് ഒരു നാടിൻ്റെ കഥ പറയുന്നതാണ് സിനിമയെന്നും പ്രസാദ് നൂറനാട് പ്രതികരിച്ചു. എത്രയോ കൊലപാതകക്കേസുകൾ കേരളത്തിലുണ്ടായിട്ടുണ്ട്. നമ്മൾ സൃഷ്ടിച്ചൊരു കഥ മാത്രമാണിത്. കഥയും കഥാപാത്രങ്ങളുമെല്ലാം സാങ്കല്പികമാണ്. കേസിനെ നിയമപരമായി നേരിടും. സിനിമ കാണേണ്ട ഒരു സാഹചര്യം വന്നാൽ കോടതിയ്ക്ക് ബോധ്യം വരുമെന്നും പ്രസാദ് നൂറനാട് പറഞ്ഞു.

സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യപ്പെട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ്റെ പിതാവ് റഹീം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമങ്ങളുടെ വിചാരണയ്ക്ക് കാരണമാകുമെന്നാണ് റഹീം ഹർജിയിൽ പറയുന്നത്. തന്റെ മകന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും പിതാവ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് അഫാന്‍ അഞ്ച് പേരെ കൊലപ്പെടുത്തിയത്. കേരളം ഞെട്ടിയ കൂട്ടക്കൊലപാതകമായിരുന്നു വെഞ്ഞാറമൂട് നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി ദീര്‍ഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.

SCROLL FOR NEXT