തിരുവനന്തപുരം: മേപ്പാടി മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്ത നിവാരണ അതോറിറ്റി ഓഫീസിലെത്തി വി.ഡി. സതീശൻ രക്ഷാദൗത്യം നിരീക്ഷിച്ചു. അപകടത്തിൽ ഒരു മരണമാണ് സ്ഥിരീകരിച്ചത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏഴ് പേർ ചികിത്സയിലാണ്. 7 പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
കൂട്ടിയിട്ട മണ്ണ് നീക്കാൻ 17 ദിവസം മുമ്പ് തന്നെ നിർദേശം നൽകിയിരുന്നു എന്ന് സതീശൻ വ്യക്തമാക്കി. ജില്ലാ കളക്ടർ കഴിഞ്ഞ മാസം 20ന് മണ്ണ് മാറ്റാൻ ഉത്തരവിറക്കി. എന്നാൽ കരാറുകാർ നിർദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.
അതേസമയം, ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയതിൽ വീഴ്ച പറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്. ജില്ലയില്‍ 24 മണിക്കൂര്‍ 265 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണം എന്നാണ് ചട്ടം. അപകടം നടന്ന ശേഷമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.