പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കൂടുതൽ പ്രതിഷേധ ബാനർ ഉയർന്നു. സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ച് പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫീസിന് സമീപത്താണ് പുതിയ ബാനർ പ്രത്യക്ഷപ്പെട്ടത്. ഭക്തരെ പിന്നിൽ നിന്നും കുത്തി" പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ "എന്നാണ് ബാനറിൽ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം വെട്ടിപ്പുറം കരയോഗത്തിന് മുന്നിൽ ജി. സുകുമാരൻ നായരെ കട്ടപ്പ എന്ന് വിളിച്ച്, പരിഹാസത്തോടെ ബാനർ സ്ഥാപിച്ചിരുന്നു. 'ബാഹുബലി' ചിത്രത്തിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രമടക്കം വെച്ചാണ് കരയോഗത്തിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്' എന്നാണ് ബാനറിൽ കുറിച്ചിരിക്കുന്നത്.
എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ കണയന്നൂർ കരയോഗവും രംഗത്തെത്തിയിട്ടുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാട് പ്രതിഷേധാർഹമാണ് എന്നാണ് കണയന്നൂർ കരയോഗം അറിയിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിൽ ആചാരലംഘനത്തിന് എൻഎസ്എസ് എതിരായിരുന്നു. എന്തെങ്കിലും ഉറപ്പ് സംസ്ഥാന സർക്കാരിൽനിന്ന് കിട്ടിയെങ്കിൽ രേഖാമൂലം കരയോഗങ്ങളെ അറിയിക്കണമെന്നും കരയോഗം ഭാരവാഹികൾ അറിയിച്ചു.
ജി. സുകുമാരൻ നായരുടെത് വീണ്ടുവിചാരമില്ലാത്ത ഇടപെടലാണ്. അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. അത് എൻഎസ്എസിൻ്റെ നിലപാടല്ല. ആണെന്ന് പറഞ്ഞാലും അത് അംഗീകരിക്കില്ലെന്നാണ് കരയോഗം ഭാരവാഹികൾ അറിയിക്കുന്നത്.
എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി ഒരു കുടുംബത്തിലെ നാലുപേർ രാജിവച്ചു.പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് കുടുംബം. രാജിക്കത്ത് കരയോഗം സെക്രട്ടറിക്കും പ്രസിഡൻ്റിനും നൽകി.
അതേസമയം, എൻഎസ്എസുമായി യുഡിഎഫിന് ഒരു തർക്കവുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ചർച്ചകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകും. എൻഎസ്എസ് എല്ലാകാലവും സ്വീകരിച്ചത് സമദൂര നിലപാടാണ്. യുഡിഎഫിന് അനുകൂലമായ തീരുമാനം എൻ എസ് എസിൽ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് പറഞ്ഞു.
എൻഎസ്എസ് ഉൾപ്പെടെ സമുദായ സംഘടനകൾക്ക് അവരുടെ നിലപാടെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എൻഎസ്എസുമായി കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടെന്നും, അത് ഉടൻ പരിഹരിക്കപ്പെടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എൻഎസ്എസിൻ്റെ സമദൂര നിലപാടിൽ മാറ്റം വന്നാലും ഇടതുപക്ഷത്തിനൊപ്പം പോകാൻ സാധ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.