KERALA

"റാം ഒരു അധ്യാപകനല്ല മൃഗമാണ്, പരാതി പറയാത്തത് പേടിച്ചിട്ട്"; നിതിൻ പറഞ്ഞ കാര്യങ്ങൾ സത്യമെന്ന് സഹപാഠികൾ

ഡോ. റാം നിതിൻ്റെ അമ്മയെക്കുറിച്ചും മോശമായി പറഞ്ഞിട്ടുണ്ട്. തന്നെയും അപമാനിച്ചിട്ടുണ്ടെന്ന് ആർച്ച

Author : ശാലിനി രഘുനന്ദനൻ

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ. അധ്യാപകരിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നിതിൻ പറഞ്ഞത് സത്യമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. "ഡോ. റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ല അയാൾ ഒരു മൃഗമാണ്." ക്ലാസിൽ ബോഡി ഷേമിങ് നടത്താറുണ്ട്. നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തിരുന്നുവെന്നും പേടിച്ചിട്ടാണ് പരാതികൾ പറയാതിരുന്നതെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു.

അധ്യാപകനെതിരെ വിദ്യാർഥികൾ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. മുൻപും പലതവണ പരാതി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ പരാതി നൽകിയാൽ മറുപടി ഭീഷണി സ്വരത്തിലാണ്. റാം ഒരു അധ്യാപകൻ അല്ല. ഒരു സ്ഥാപനത്തിലും പഠിപ്പിക്കാൻ യോഗ്യനല്ല. വീണ്ടും അധ്യാപകന്റെ ക്ലാസിൽ ഇരിക്കുന്നതിൽ ഭയമുണ്ടെന്നും ഇപ്പോൾ ഇതെല്ലാം പറയുമ്പോൾ തന്റെ ജീവിതം എന്താകുമെന്ന് അറിയില്ലെന്നും ആർച്ച പറഞ്ഞു.

നിതിൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. ഡോ. റാം വിദ്യാർഥികളുടെ മുന്നിൽ വച്ച് നിതിനെ ഹരാസ് ചെയ്തിട്ടുണ്ട്. നിറത്തിന്റെ പേരിൽ കളിയാക്കാറുണ്ട്. മതപരമായ കാര്യങ്ങളും ബോഡി ഷെയ്മിങ്ങും മാത്രമാണ് ക്ലാസിൽ പറയുക. അറ്റൻഡൻസ് ചൂണ്ടിക്കാട്ടിയാണ് ഭീഷണി. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. നിതിൻ്റെ അമ്മയെക്കുറിച്ചും മോശമായി പറഞ്ഞിട്ടുണ്ട്. തന്നെയും അപമാനിച്ചിട്ടുണ്ടെന്ന് ആർച്ച വെളിപ്പെടുത്തി.

നിതിൻ്റെ മരണത്തിൽ സംസ്ഥാനമാകെ പ്രതിഷേധം ആളിപ്പടരുകയാണ്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ അഞ്ചരക്കണ്ടി കോളജിലേക്ക് വിദ്യാർഥി- യുവജന സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിജിപിയെ നേരിൽകണ്ടു. കേസ് വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി ആശങ്കയുള്ളതായും കുടുംബം പറഞ്ഞിരുന്നു.

SCROLL FOR NEXT