കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചതിൽ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ. കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലായിരുന്നു. അനസ്‌തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ആരാഞ്ഞു. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. 18,000 രൂപ നൽകിയാൽ മാത്രമേ ചികിത്സിക്കൂ എന്ന് ഡോക്ടർ പറഞ്ഞെന്നും കുടുംബം ആരോപിച്ചു.
ഇന്നലെ രാത്രിയോടെയാണ് സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ മരിച്ചത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ വേണ്ടിയാണ് ദേവാൻഷിന് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
ചികിത്സാ പിഴവ് പരാതി ഉയർന്നതിന് പിന്നാലെ അനസ്‌തേഷ്യ ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.