നഷ്ടപ്പെട്ടതും മോഷണം പോയതുമായ 33 മൊബൈൽ ഫോണുകൾ സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് കണ്ണൂർ സിറ്റി സൈബർ സെൽ. വീണ്ടെടുത്ത ഫോണുകൾ ഉടമകൾക്ക് കൈമാറി. സംസ്ഥാനത്തിനകത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായാണ് ഫോണുകൾ വീണ്ടെടുത്തത്. ആറ് മാസത്തിനിടെ മുന്നൂറോളം ഫോണുകളാണ് പൊലീസ് കണ്ടെത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമെ തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുകൂടിയാണ് ഫോണുകൾ കണ്ടെത്തിയത്. കളഞ്ഞുപോയ ഫോണുകൾ കിട്ടിയവരിൽ നിന്ന് നേരിട്ടും പൊലീസ് സ്റ്റേഷനുകൾ വഴിയും കൊറിയർ വഴിയുമാണ് കണ്ണൂരിൽ ഫോണുകൾ എത്തിച്ചത്. വീണ്ടെടുത്ത ഫോണുകൾ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് ഐപിഎസ് ഉടമസ്ഥർക്ക് കൈമാറി.
സൈബർ സെൽ എഎസ്ഐ എം.ശ്രീജിത്ത്, സിപിഒ ദിജിൻ രാജ് പി. കെ. എന്നിവർ ചേർന്നാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. ആറുമാസത്തിനുള്ളിൽ 300 ഓളം മൊബൈൽ ഫോണുകൾ സൈബർ സെൽ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകി കഴിഞ്ഞു.