ശ്രീമതിയമ്മയുടെ യാത്രയയപ്പിൽ നിന്നും Source: News Malayalam 24x7
KERALA

41 വർഷം, ഒരേ സ്റ്റേഷൻ; ശ്രീമതിയമ്മയ്ക്ക് അവിസ്മരണീയ യാത്രയയപ്പ് നൽകി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ

പൊലീസുകാർക്ക് അമ്മയുടെ സാമീപ്യമായിരുന്ന ആളാണ് സേവനം പൂർത്തിയാക്കി വിടപറയുന്നതെന്ന് ടൗൺ എസ്ഐ വി.വി. ദീപ്തി പറയുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: 41 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ജീവനക്കാരിക്ക് അവിസ്മരണീയ യാത്രയയപ്പ് നൽകി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ. തുടക്കകാലം മുതൽ ടൗൺ സ്റ്റേഷനിൽ ജോലി ചെയ്ത എം. ശ്രീമതിക്കാണ് സഹപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകിയത്.

41 വർഷക്കാലം ഒരേ ഇടത്ത് ജോലി. പല മുഖങ്ങൾ മാറി മാറി വന്നിട്ടും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ മാറാത്ത മുഖം. എം. ശ്രീമതി ഒടുവിൽ വിരമിക്കുമ്പോൾ അത് ചരിത്രം കൂടിയാണ്. 1984 മുതൽ സ്റ്റേഷൻ്റെ ഭാഗമായി ജോലി ചെയ്തു തുടങ്ങിയതാണ് ശ്രീമതി. കഴിഞ്ഞ ദിവസം ദീർഘമായ സേവനകാലം പൂർത്തിയാക്കി ശ്രീമതി മധുക്കോത്തെ വീട്ടിലേക്ക് മടങ്ങി. സ്നേഹപൂർവം പൊലീസുകാർ നൽകിയ പൂമാലയ്ക്കും ബോക്കെയ്ക്കും ഒപ്പം പൊലീസ് സ്റ്റേഷൻ്റെ ചരിത്രത്തിനൊപ്പം നടന്ന ഓർമകളുമായാണ് ശ്രീമതി സർവീസ് പൂർത്തിയാക്കുന്നത്.

കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ആരംഭിച്ച കാലം മുതൽ ശ്രീമതി ഇവിടെയുണ്ട്. ട്രൗസറിട്ട പൊലീസ് മുതൽ ജനമൈത്രി പൊലീസ് വരെ ഡിപ്പാർട്ട്മെൻ്റ് മാറിയപ്പോൾ മാറ്റത്തിനൊപ്പം ശ്രീമതിയും നടന്നു. പൊലീസുകാർക്ക് അമ്മയുടെ സാമീപ്യമായിരുന്ന ആളാണ് സേവനം പൂർത്തിയാക്കി വിടപറയുന്നതെന്ന് ടൗൺ എസ്ഐ വി.വി. ദീപ്തി പറയുന്നു.

ഏറെ വിഷമത്തോടെയെങ്കിലും നിറഞ്ഞ മനസോടെയാണ് ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്ന് യാത്രയയപ്പ് നൽകിയത്. എസ്ഐ സാരഥിയായ പൊലീസ് ജീപ്പിൻ്റെ മുന്നിലിരുത്തി ശ്രീമതിയെ പൊലീസുകാർ വീട് വരെ അനുഗമിച്ചു.

SCROLL FOR NEXT