KERALA

പരീക്ഷ രണ്ടായി കുറച്ചാല്‍ സ്‌കൂള്‍ സമയം ലാഭിക്കാനാവും; നിര്‍ദേശവുമായി കാന്തപുരം മുസ്ലിയാർ

എല്ലാ കാര്യങ്ങളും കൂടിയാലോചിച്ച് ചെയ്യുകയാണെങ്കില്‍ അവിടെ തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നും കാന്തപുരം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ അവധി മാറ്റത്തിലും യു ഷേപ്പ് ക്ലാസ് മുറി ആശയത്തിലും അനുകൂല നിലപാട് സ്വീകരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. അവധി മെയ്, ജൂണ്‍ മാസങ്ങളില്‍ ആക്കാന്‍ കഴിയുമോയെന്ന് കാന്തപുരം ചോദിച്ചു. വര്‍ഷത്തിലെ മൂന്ന് പരീക്ഷകള്‍ രണ്ടാക്കി ചുരുക്കിയാല്‍ നന്നായിരിക്കുമെന്നും കാന്തപുരം നിര്‍ദേശിച്ചു. കാരന്തൂര്‍ മര്‍ക്കസിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് കാന്തപുരത്തിന്റെ പ്രതികരണം.

മൂന്ന് പരീക്ഷകള്‍ രണ്ടാക്കി ചുരുക്കുന്നതിലൂടെ സ്‌കൂള്‍ സമയം ലാഭിക്കാന്‍ സാധിക്കുമെന്നും എല്ലാ കാര്യങ്ങളും കൂടിയാലോചിച്ച് ചെയ്യുകയാണെങ്കില്‍ അവിടെ തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നും ഇനിയും അങ്ങനെ ഒരുമിച്ച് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാമെന്നും കാന്തപുരം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് കാന്തപുരത്തിന്റെ നിര്‍ദേശം.

വിദ്യാഭ്യാസ മന്ത്രി മന്ത്രി വേദിയില്‍ ഇരിക്കെയായിരുന്നു കാന്തപുരത്തിന്റെ നിര്‍ദേശം. മന്ത്രി ബുദ്ധിയുള്ള ആളാണ്. മന്ത്രിയോട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചപ്പോള്‍ പഠിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്. ബുദ്ധി ഉള്ളതിന്റെ ലക്ഷണം ആണത്. അല്ലെങ്കില്‍ വെറുതെ നടത്തി തരാം എന്ന് മാത്രമേ പറയൂ എന്നും കാന്തപുരം പറഞ്ഞു. കാന്തപുരത്തിന മറുപടിയുമായി വി. ശിവന്‍കുട്ടിയും പ്രതികരിച്ചു.

താന്‍ കാന്തപുരം ഉസ്താദിന്റെ ആരാധകനെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഉസ്താദുമായി വലിയ അടുപ്പമുണ്ട്. തന്നോട് ആരോഗ്യ കാര്യങ്ങള്‍ ഒക്കെ അദ്ദേഹം ചോദിച്ച് അറിയാറുണ്ട്. ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്താണ് താന്‍ നിയമസഭയില്‍ എത്തിയത്. അതുകൊണ്ട് തന്നെ മതേതരത്വത്തിനും, ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊള്ളും എന്നതില്‍ തര്‍ക്കമില്ല. സ്‌കൂള്‍ അവധി ചര്‍ച്ചയും, സമയമാറ്റവും പഠിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും ശിവന്‍കുട്ടി പറഞ്ഞു.

SCROLL FOR NEXT