തെരഞ്ഞെടുപ്പ് ദിനത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമർശനവുമായി കാന്തപുരം വിഭാഗം. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിക്കുകയല്ല, കൂടുതല്‍ വീര്യപൂര്‍വം ലക്ഷ്യത്തിലേക്ക് കുതിക്കുകയാന്നെന്നാണ് സിറാജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വിമർശനം. മതേതരത്വം വിളമ്പുന്ന രാഷ്ട്രീയ നേതാക്കള്‍ മാത്രം ഇത് അറിയാതെ പോകുന്നുവെന്നും കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി കുറിച്ചു.
'മതരാഷ്ട്ര വാദമില്ലാതെ ജമാഅത്തെ ഇസ്ലാമിയോ' എന്ന തലക്കെട്ടോടെയായിരുന്നു സിറാജിലെ ലേഖനം. മത രാഷ്ട്രവാദമില്ലെങ്കിൽ ജമാഅത്തെ ഇസ്‌ലാമി വട്ടപൂജ്യമാണെന്ന് സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ ലേഖനത്തിൽ പറയുന്നു. കാശ്മീർ താഴ് വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്.'അല്ലാഹ് ടൈഗേഴ്സ്' എന്ന ഒരു സംഘത്തിനും ജമാഅത്തെ ഇസ്ലാമി രൂപം നല്‍കിയിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
"ഇന്ത്യയിൽ മൗദൂദി വോട്ടിൻ്റെ എണ്ണമെത്ര? മത രാഷ്ട്രത്തിലേക്കുള്ള ദൂരമെത്ര? പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം ഉപേക്ഷിക്കുകയല്ല. കൂടുതൽ വീര്യപൂർവം ലക്ഷ്യത്തെ ലാക്കാക്കി മുന്നോട്ട് കുതിക്കുകയാണ്. മത രാഷ്ട്രവാദം കിഴിച്ചാൽ ജമാഅത്തെ ഇസ്‌ലാമി വട്ടപൂജ്യമാകും. അത് മറ്റാരേക്കാളും അറിയുന്നത് അവർക്ക് തന്നെയാണ്. മതേതരത്വം വിളമ്പുന്ന രാഷ്ട്രീയ നേതാക്കൾ മാത്രം ഇത് അറിയാതെ പോകുന്നു," ലേഖനത്തിൽ പറയുന്നു.
അതേസമയം നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് പോളിങ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായിരുന്നു. പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടെ പത്ത് പേരാണ് മത്സര രംഗത്തുള്ളത്. 2,32,381 സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുക. ജൂൺ 23 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.