കാസർഗോഡ്: ഗവ. മെഡിക്കൽ കോളേജിനായി അനുവദിച്ച തുക വകമാറ്റി ആരോഗ്യ വകുപ്പ്. ഇടുക്കി നഴ്സിങ് കോളേജ് നിർമാണ പ്രവർത്തനത്തിനായാണ് ഫണ്ട് മാറ്റിയത്. പദ്ധതി ശുപാർശ നൽകാത്തതിനാൽ ശേഷിക്കുന്ന ഫണ്ടുകൂടി നഷ്ടമായേക്കും. കോളേജിൻ്റെ ചെറുകിട മരാമത്ത് ജോലികൾക്കായി അനുവദിച്ച ഫണ്ടിൽ ഒരു ഭാഗമാണ് പുനർവിനിയോഗം വഴി ഇടുക്കി ഗവ. നഴ്സിങ് കോളജിന് കൈമാറാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. നേരത്തെ അനുവദിച്ച നാല് കോടി 17 ലക്ഷം രൂപയിൽ 20 ശതമാനമാണ് ഇടുക്കിയിലെ നഴ്സിങ്ങ് കോളേജിന് അനുവദിച്ചത്.
ലക്‌ചർ ഹാളിന്റെ മേൽക്കൂരയുടെയും സീലിങ്ങിന്റെയും അറ്റകുറ്റപ്പണികൾക്ക് വേണ്ടിയായിരുന്നു ഫണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് ചെറുകിട മരാമത്ത് പണികൾക്കായി ശുപാർശയൊന്നും സമർപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫണ്ട് വകമാറ്റിയത്. ഇടുക്കി ഗവ. നഴ്സിങ് കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ഇടുക്കി മെഡി ക്കൽ കോളേജിലാണ് ക്ലാസുകൾ നടക്കുന്നത്.
നടപ്പ് സാമ്പത്തികവർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ അടിയന്തരമായി നടപ്പാക്കേണ്ട പണികൾക്കായുള്ള ശുപാർശ ഉടൻ സമർപ്പിച്ച് അനുമതി വാങ്ങാനായില്ലെങ്കിൽ ശേഷിക്കുന്ന ഫണ്ടും കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിന് നഷ്ടമാകും. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അനുമതി നേടിയെടുക്കാനായില്ലെങ്കിൽ അടിയന്തരമായി നടപ്പാക്കേണ്ട മറ്റ് പദ്ധതികൾക്കായി സർക്കാർ അനുമതിയോടെ ഫണ്ട് വകമാറ്റുന്നത് പരിഗണിക്കാമെന്നിരിക്കെ അതും ഉണ്ടായിട്ടില്ല. ലാബ്, ലൈബ്രറി, ലക്‌ചർ ഹാൾ , വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ഹോസ്റ്റൽ, ക്വാർട്ടേഴ്‌സുകൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യമില്ലെന്നിരിക്കെയാണ് ലഭിച്ച ഫണ്ടുകൂടി നഷ്ടമാകുന്നത്.