കാസർഗോഡ്: കൃഷിയുടെ ജനകീയവൽക്കരണത്തിൻ്റെ പുതിയ മോഡലാണ് കാസഗോട്ടെ പുത്തിഗെ പഞ്ചായത്ത്. തരിശിടങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വർഷം തോറും ടൺ കണക്കിന് പച്ചക്കറിയും നെല്ലുമാണ് പഞ്ചായത്ത് ഉൽപ്പാദിപ്പിക്കുന്നത്. മുഴുവൻ പട്ടിക വിഭാഗക്കാർക്കും വീടൊരുക്കാനായതും പഞ്ചായത്തിൻ്റെ വികസന നേട്ടത്തിൻ്റെ സുപ്രധാന ഏടാണ്.
100 ഹെക്ടറിൽ നെൽ കൃഷിയും, 60 ഹെക്ടറിൽ പച്ചക്കറി കൃഷിയുമാണ് ഇത്തവണ പുത്തിഗെ പഞ്ചായത്ത് ഒരുക്കിയത്. ഓരോ വർഷവും കൃഷിയിലേക്ക് കടന്നു വരുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വിളവും കൂടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വർഷം തോറും 50 മുതൽ 70 ടൺ വിൽപ്പനയാണ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളുടെയും കൃഷിവകുപ്പിൻ്റെയും സഹകരണത്തോടെ എല്ലാ കർഷകർക്കും സബ്സിഡിയും ബോണസും നൽകുന്നുണ്ട്. 2023 സംസ്ഥാന സർക്കാരിൻ്റെ കർഷകോത്തമ പുരസ്കാരവും പുത്തിഗെ പഞ്ചായത്തിനെ തേടിയെത്തി.
ഒരു കോടിയിലധികം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന അനോടിപള്ളമാണ് പുത്തിഗെയുടെ ജലസമൃദ്ധിയുടെ ഉറവിടം. അഞ്ചേക്കർ പരന്നു കിടക്കുന്ന അനോടിപള്ളം സംരക്ഷിക്കാൻ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൻ്റെ സഹായത്തോടെ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട് . രണ്ട് കോടി 13 ലക്ഷം ചെലവിൽ ഒരുക്കിയ സ്മാർട്ട് കൃഷിഭവനും ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. അപേക്ഷിച്ച മുഴുവൻ പട്ടിക വിഭാഗക്കാർക്കും വീടൊരുക്കാനായി എന്നതും പഞ്ചായത്തിൻ്റെ നേട്ടമാണ് . 44 ചെറുകിട സംരംഭങ്ങളും പഞ്ചായത്ത് പുതിയതായി തുടങ്ങിയിട്ടുണ്ട്.