കാസർഗോഡ് വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. കുമ്പള ഉപജില്ലയിലെ എ.യു.പി.എസ് പള്ളത്തടുക്കയിലെ അധ്യാപകൻ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി. ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026ന് വേണ്ടി തയ്യാറാക്കിയ എൽപി വിഭാഗം ചോദ്യാവലിയിലാണ് ഈ അപാകതയുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി.
ആകെയുള്ള ഇരുപത് ചോദ്യങ്ങളിൽ അഞ്ചാമത്തെ ചോദ്യം ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണ് എന്ന ചോദ്യത്തിന് ഉത്തരമായാണ് വി.ഡി. സവർക്കർ എന്ന പേര് ചോയ്സിൻ്റെ രൂപത്തിൽ നൽകിയിരിക്കുന്നത്. ഈ സംഭവം വാർത്തയായതിന് പിന്നാലെ സംസ്ഥാനത്ത് വലിയ വിവാദമായി മാറി. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വിധം ചോദ്യ പേപ്പർ തയ്യാറാക്കിയത് വളരെ ഗൗരവത്തോടെ തന്നെ കാണുന്നുവെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കിയത് കുമ്പള ഉപ ജില്ലയിലെ പള്ളത്തടുക്ക എ.യു.പി.എസിലെ അധ്യാപകനായ ഗുരു പ്രസാദിൻ്റെ നേതൃത്വത്തിൽ കുറച്ച് അധ്യാപകർ ചേർന്നാണ്. ഇത്തരത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കിയ അധ്യാപകർക്കെതിരെ തക്കതായ ശിക്ഷാ നടപടി കൈക്കൊള്ളണമെന്ന് ഈ വിഷയത്തിൽ അന്വേഷണം നടത്തിയ കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ അടിയന്തിരമായി കുമ്പള ഉപജില്ലയിലെ എ.യു.പി.എസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെ അടിയന്തരമായി 1958ലെ കേരള വിദ്യാഭ്യാസ ആക്ട് 12 എ പ്രകാരം സസ്പെൻഡ് ചെയ്യുന്നതിനും, കേരള വിദ്യാഭ്യാസ നിയമം അധ്യായം 14 എ ചട്ടം 75 പ്രകാരം വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മാനേജർക്ക് നിർദേശം നൽകുന്നതിനും, വിശദമായി അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുന്നതിനും കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി. അടിയന്തര നടപടികൾ സ്വീകരിച്ചു നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.