തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിൽ നിന്ന് തഴയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മന്ത്രിസഭയിൽ വ്യക്തമായ പ്രാതിനിധ്യം ആവശ്യപ്പെടാനാണ് കെസിയുടെ നീക്കം. പ്രധാന വകുപ്പുകളും ആറ് മന്ത്രിമാരെയും ആവശ്യപ്പെടുമെന്നാണ് വിവരം. യുഡിഎഫ് നേതൃയോഗം നടക്കാനിരിക്കെ കെ.സി. ഇന്ന് തിരുവനന്തപുരത്തെത്തും.
മുഖ്യമന്ത്രി പ്രഖ്യാപനമെന്ന കടമ്പ കടന്നതോടെ മന്ത്രിസഭാ രൂപീകരണമെന്ന അഗ്നിപരീക്ഷയ്ക് ഒരുങ്ങുകയാണ് യുഡിഎഫ്. വി.ഡി. സതീശൻ സർക്കാരിൽ ആരൊക്കെ മന്ത്രിമാരാകുമെന്ന ഉദ്വേഗത്തിലാണ് രാഷ്ട്രീയ കേരളം. വൈകിട്ട് നാലുമണിക്ക് കന്റോൺമെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാ മന്ത്രിമാരെയും യോഗത്തിൽ തന്നെ തീരുമാനിക്കാനാകും യുഡിഎഫ് നീക്കം. വകുപ്പ് വിഭജനം അടക്കം യോഗം ചർച്ച ചെയ്യും.
അറുപത്തിമൂന്ന് സീറ്റിന്റെ വ്യക്തമായ ആധിപത്യമുള്ളതിനാൽ കോൺഗ്രസ് ഇക്കുറി പതിനൊന്ന് മന്ത്രിമാരെ തീരുമാനിക്കും. മലബാറിൽ ഉൾപ്പെടെ മുന്നണിയെ അരക്കിട്ടുറപ്പിച്ച മുസ്ലീം ലീഗും ഇക്കുറി കരുത്ത് കാട്ടിയിട്ടുണ്ട്. അഞ്ച് മന്ത്രിമാരെന്ന ആവശ്യം ലീഗ് അനായാസം ഉന്നയിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, ആർഎസ്പി തുടങ്ങി ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനത്തിനായി പോരാടാം.
യുഡിഎഫ് പിന്തുണയിൽ ജയിച്ച വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ തുടങ്ങി അതികായരുടെ നിരയും ഇത്തവണ മുന്നണിയുടെ ഭാഗമായുണ്ട്. മന്ത്രിസഭയിലേക്ക് ഇവരിൽ ആരെയെങ്കിലും പരിഗണിക്കുമോ എന്നതിലും കൗതുകം നിലനിൽക്കുകയാണ്. അതേസമയം, ഗുരുവായൂർ ദർശനത്തിന് ശേഷം വൈകിട്ടോടെ തലസ്ഥാനത്തെത്തുന്ന ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.