Source: News Malayalam 24x7
KERALA

"ഞങ്ങൾ തമ്മിൽ രാഷ്‌ട്രീയ ബാല്യം മുതലുള്ള ആത്മബന്ധം"; നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിറഞ്ഞ ചിരിയോടെ കെ.സിയും വി.ഡിയും

മുക്കാൽ മണിക്കൂറോളമാണ് ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ സന്ദർശിച്ചതിന് പിന്നാലെ കെ.സി. വേണുഗോപാലിൻ്റെ വീട്ടിലുമെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിറഞ്ഞ ചിരിയോടെ ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചു. മുക്കാൽ മണിക്കൂറോളമാണ് ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടത്.

വി.ഡി. സതീശനുമായുള്ളത് ഏറെ കാലമായുള്ള വലിയ സുഹൃത്ബന്ധമെന്നും രാഷ്ട്രീയ ബാല്യം മുതലുള്ള ആത്മബന്ധം തമ്മിലുണ്ടെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുന്ന കണ്ണിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

കെ.സിയുമായി ഒരു പ്രശ്നവുമില്ലെന്നും ആർക്കെങ്കിലും വേണ്ടി വാശി പിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. യുഡിഎഫിലെ ചർച്ചകൾ എത്ര വേഗത്തിലാണ് നടക്കുന്നത്. നാളെ ഉച്ചയോടെ ഗവർണർക്ക് മുഴുവൻ മന്ത്രിമാരുടെയും പട്ടിക കൈമാറുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും നിർണായകമായ മന്ത്രി സ്ഥാനങ്ങളിൽ പിടിമുറുക്കാനുള്ള കെ.സി. പക്ഷത്തിൻ്റെ നീക്കത്തിൽ ഉറച്ചുനിൽക്കുകയാണ്.

കെ.സി. വേണുഗോപാലും വി.ഡി. സതീശനും ചേർന്ന് അടുത്തതായി വീണ്ടും രമേശ് ചെന്നിത്തലയെ സന്ദർശിച്ചേക്കുമെന്നാണ് വിവരം. വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി. അര മണിക്കൂറോളമാണ് വി.ഡി. സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ച നീണ്ടുനിന്നത്.

SCROLL FOR NEXT