അൻവറിൻ്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. ഇതോടെ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം അനശ്ചിതത്വത്തിലാവുകയാണ്. അൻവറിന് രമേശ് ചെന്നിത്തലയും കെ. സുധാകരനുമാണ് പിന്തുണ അറിയിച്ചത്. എന്നാൽ തൻ്റെ നിലപാടിൽ മാറ്റമില്ലെന്നാണ് വി.ഡി.സതീശൻ്റെ നിലപാട്.
അതേസമയം അൻവറിന് പിന്തുണ അറിയിച്ച് കൊണ്ട് മണ്ഡലത്തിൽ പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലമ്പൂരിൻ്റെ സുൽത്താൻ പി.വി. അൻവർ തുടരും എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അൻവറിൻ്റെ യുഡിഎഫ് പ്രവേശനം പൂർവാധികം ശക്തിയോടെ തിരിച്ചുവന്നത്.
പി. വി. അന്‍വറിനെ ഒറ്റപ്പെടുത്തില്ലെന്ന് അറിയിച്ച കെ.സി. വേണുഗോപാൽ പിന്നീട് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുകയായിരുന്നു.അന്‍വര്‍ രാജിവെച്ചത് സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിയുള്ള ആദ്യ ശ്രമം എന്ന നിലയിലാണ്. പിണറായി സര്‍ക്കാരിന് എതിരായ അന്‍വറിന്റെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ്. കമ്യൂണിക്കേഷന്‍ ഗ്യാപ്പ് പരിശോധിക്കും എന്നും കെ. സി. വേണുഗോപാല്‍ പറഞ്ഞിരുന്നു.
പി.വി. അന്‍വര്‍ യുഡിഎഫിന് ഒപ്പമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിൻ്റെ പ്രതികരണം. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കും. തിരുത്താന്‍ അന്‍വറിന് അവസരമുണ്ടെന്നായിരുന്നു അടൂര്‍ പ്രകാശ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്.
നിലമ്പൂരില്‍ എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് പോകണമെന്നാണ് നിലപാട്. ചെറുതെന്നോ വലുതെന്നോ ഇല്ലാതെ എല്ലാ പാര്‍ട്ടികളെയും കൂട്ടി യോജിപ്പിച്ച് കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ യുഡിഎഫ് ശക്തമാണ്. 101 ശതമാനം വിജയം ഉറപ്പാണെന്നും അടൂര്‍ പ്രകാശ് അറിയിച്ചിരുന്നു.
കെ.സി. വേണുഗോപാലിൻ്റെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് പി. വി. അന്‍വര്‍ പറഞ്ഞു. താന്‍ എപ്പോഴും ശുഭാപ്തി വിശ്വാസം ഉള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് രാത്രിയോടെ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് 'വീ വില്‍ സീ' എന്നായിരുന്നു അന്‍വറിൻ്റെ മറുപടി. ഇതിനുപിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് കെ.സി. വേണുഗോപാൽ വിസമ്മതിക്കുകയും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു.