KERALA

സുധാകരനും സിപിഐഎമ്മും തമ്മിലുള്ളത് അവരുടെ ആഭ്യന്തര കാര്യമെന്ന് കെ.സി. വേണുഗോപാൽ; ജി. സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് നേതാക്കൾ

സുധാകരനെ തീരുമാനം എടുക്കാൻ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജി. സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. സുധാകരൻ്റേത് വ്യക്തിപരമായ കാര്യമാണ്. സുധാകരനും സിപിഐഎമ്മും തമ്മിലുള്ളത് അവരുടെ ആഭ്യന്തര കാര്യമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സുധാകരൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ തന്നെയാണ്. അതിൽ തീരുമാനം എടുക്കേണ്ടത് സുധാകരൻ തന്നെയാണ് എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ജി. സുധാകരൻ ജനപിന്തുണ ഉള്ള നേതാവാണ്. സുധാകരൻ തീരുമാനം എടുത്താൽ മാത്രമെ അഭിപ്രായം പറയാൻ സാധിക്കൂ. സുധാകരനെ തീരുമാനം എടുക്കാൻ ആരും പഠിപ്പിക്കേണ്ടതില്ല. സുധാകരനെ ഇഷ്ടപ്പെടുന്നവർ പാർട്ടിക്ക് അകത്തും പുറത്തും ഉണ്ട്. അദ്ദേഹം രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് എന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ഇത് പഴയ സിപിഐഎം അല്ല. പണം ദുരുപയോഗം ചെയ്ത് സർക്കാർ പിആർ വർക്ക്‌ ചെയ്യുന്നു. തകർന്ന പ്രതിച്ഛായ മെച്ചപ്പെടുത്താൻ കോടികൾ ചെലവാക്കുന്നു. ധൂർത്തിന് ജനങ്ങൾ മറുപടി നൽകു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയെ വേട്ടയാടി. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വെറുതെ വിടുന്നില്ലെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.

സിപിഐഎം ശിഥിലീകരണം നേരിടുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജി. സുധാകരൻ്റെ വിഷയം ചർച്ച ചെയ്തിട്ടില്ല. അദ്ദേഹവുമായി നല്ല ബന്ധമാണ് ഉള്ളതെന്നും, അദ്ദേഹത്തോട് പൂർണമായ ആദരവാണ് ഉള്ളതെന്നും സതീശൻ പറഞ്ഞു.

ഇന്ന് പത്രങ്ങളിൽ വന്ന സർക്കാരിൻ്റെ പരസ്യത്തെയും സതീശൻ വിമർശിച്ചു. ഹീനമായ പ്രചാരണമാണ് നടത്തുന്നത്. ഇതിന് ഉദ്യോഗസ്ഥർ പിന്നീട് മറുപടി പറയേണ്ടി വരും. പരസ്യമെന്ന് തോന്നാത്ത വിധമുള്ള പ്രചാരണമാണ് നടന്നത്. വാർത്ത കൊടുക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. ദേശാഭിമാനിയുടെ ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും സതീശൻ ചൂണ്ടിക്കാട്ടി. നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് ഇത് ചെയ്തത്. മുന്നോട്ട് വെക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ടാണ് പരസ്യം നൽകിയത് എന്നും സതീശൻ വ്യക്തമാക്കി.

ജി. സുധാകരൻ്റെ പോസ്റ്റ് വളരെ ഗൗരവമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരൻ ജനങ്ങൾക്ക് സ്വീകാര്യനായ നേതാവാണ്. അദ്ദേഹത്തെ പാർട്ടി സെക്രട്ടറി അവഹേളിച്ച നടപടി രാഷ്ട്രീയ മര്യാദയല്ല എന്നും ചെന്നിത്തല പറഞ്ഞു. തങ്ങളാരും ജി. സുധാകരനെതിരെ ഇന്നുവരെ ഒരു രാഷ്ട്രീയ ആക്ഷേപവും ഉന്നയിച്ചിട്ടില്ല. രാഷ്ട്രീയ മാറ്റം സുധാകരൻ തീരുമാനിക്കേണ്ടതാണ് തങ്ങൾ ഈ കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

SCROLL FOR NEXT