ആലപ്പുഴ: വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള കെ.സി. വേണുഗോപാലിൻ്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. അടുക്കളയിൽ കയറി കപ്പ കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിലക്കയറ്റിലെ വീട്ടമ്മമാരുടെ പരാതി നേരിട്ട് കേൾക്കുകയായിരുന്നു കെ.സി.വേണുഗോപാൽ. വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ വേറിട്ട പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് കെ.സിയുടെ. സന്ദര്‍ശനം.
പാചകവാതകത്തിന് സബ്‌സിഡി കുറച്ചതും മണ്ണെണ്ണ നിര്‍ത്തലാക്കിയതും വെളിച്ചെണ്ണയുടെ വില അനിയന്ത്രിതമായും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വീട്ടമ്മമാര്‍ കെ.സി. വേണുഗോപാലിനു മുന്നില്‍ അവതരിപ്പിച്ചു. അവശ്യസാധനങ്ങളുടെ വിലകുറച്ച് സാധാരണക്കാരുടെ വരുമാനം കൂട്ടുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് വീട്ടമ്മമാരുടെ പരാതികേട്ടതിന് ശേഷം വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
''ഇത് രാഷ്ട്രീയ സമരമല്ല, മറിച്ച് സാധാരണക്കാരുടെ കുടുംബങ്ങള്‍ ദിവസേന അനുഭവിക്കുന്ന യാഥാർഥ്യമാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്നതാണ് സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം. അടുക്കളപ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍, ഭരണസംവിധാനം അതിന്‍റെ ഏറ്റവും അടിസ്ഥാനതലത്തില്‍ പരാജയപ്പെട്ടു എന്നാണര്‍ഥം,'' കെ.സി. വേണുഗോപാല്‍.
ഇത് വെറും വിലക്കയറ്റ പ്രശ്നമല്ലെന്നും, തൊഴില്‍ അസ്ഥിരത, വരുമാനവളര്‍ച്ചയുടെ തളര്‍ച്ച, കുടുംബങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാകാത്ത നയപരാജയം എന്നിവ ചേര്‍ന്നതാണ് ഇന്നത്തെ പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. ശരാശരി മലയാളി കുടുംബങ്ങള്‍ ജീവിക്കുന്നത് അടുക്കളക്കണക്കു പ്രകാരം തന്നെയാണ്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവരുടെ പത്തുവര്‍ഷ ഭരണത്തിനു ശേഷം, ഇന്ന് കണക്കുകള്‍ കൂട്ടിയാല്‍ ഒന്നും ശരിയായി വരുന്നില്ലെന്നും വേണുഗോപാല്‍ വിമർശിച്ചു. തുടര്‍ന്ന് വീട്ടമ്മമാര്‍ക്കൊപ്പം ഒരുമിച്ച് അടുക്കളയില്‍ കപ്പപുഴുങ്ങി എല്ലാവരും ചേര്‍ന്ന് കഴിച്ച ശേഷമാണ് കെ.സി. വേണുഗോപാല്‍ എംപി മടങ്ങിയത്.