സഞ്ജു സാംസൺ 
KERALA

ലോകകപ്പ് വിജയശിൽപ്പിക്ക് ജന്മനാടിൻ്റെ സ്നേഹം; സഞ്ജു സാംസണിനെ ആദരിക്കാൻ കെസിഎ

മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്.​

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ സ്നേഹാദരം. മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്.​

മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെസിഎ ഭാരവാഹികൾ ആദരിക്കുന്നത്.

​ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും, മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും പ്രസിഡൻ്റ് ശ്രീജിത്ത് വി. നായർ പറഞ്ഞു. രാജ്യത്തിൻ്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിൻ്റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിൻ്റെ മാറ്റുകൂട്ടുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു.

കെസിഎ പ്രസിഡൻ്റ് ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എംഎൽഎമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

SCROLL FOR NEXT