തിരുവനന്തപുരം: കീം എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെഴുതുന്ന സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് ആശ്വാസം. റാങ്ക് പട്ടികയിൽ മാർക്ക് നിശ്ചയിക്കുന്ന പുതിയ ഫോർമുലയ്ക്ക് സർക്കാർ അംഗീകാരം നൽകി. കഴിഞ്ഞ വർഷമുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് സർക്കാരിൻ്റെ മുൻകൂർ നടപടി.
കീം എഞ്ചിനീയറിങ് പരീക്ഷയിൽ 2025 വരെ പിന്തുടർന്ന റാങ്ക് നിർണയ രീതി ഇത്തവണ മാറും. 300 മാർക്കുള്ള എൻട്രൻസ് പരീക്ഷയുടെ ഫലം, പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്ക് 300 ലേയ്ക്ക് മാറ്റി ആകെ 600 മാർക്ക് കണക്കാക്കിയാണ് കീം ഫലം പ്രസിദ്ധീകരിക്കുക.
എല്ലാ സിലബസുകളിലെയും വിഷയങ്ങളുടെ മാർക്കുകൾ ആദ്യം 100 വീതം ഏകീകരിക്കും. ഉദാഹരണത്തിന് സംസ്ഥാന സിലബസിൽ ഫിസിക്സിന് 120 ൽ 90 മാർക്ക് ലഭിച്ച വിദ്യാർത്ഥിയ്ക്ക് കീമിൽ എത്തുമ്പോൾ 100 ൽ 75 എന്നാക്കി മാറ്റും. ഇതുപോലെ മൂന്ന് വിഷയങ്ങൾക്കും ആനുപാതികമായി മാർക്ക് കണക്കാക്കും.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ യഥാക്രമം 5:3:2 എന്ന രീതിയിലാകും കണക്കാക്കുക. ഉദാഹരണത്തിന് കണക്കിന് 100ൽ 75 മാർക്ക് കിട്ടിയ വിദ്യാർത്ഥിയ്ക്ക് കീമിൽ 150 ൽ 112.5 മാർക്കായി വർധിക്കും. യഥാക്രമം ഫിസിക്സിൻ്റെ മാർക്ക് 90, കെമിസ്ട്രിക്ക് 60 എന്നിങ്ങനെ കണക്കാക്കും.
ഇത്തരത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതോടെ സംസ്ഥാന സിലബസ് വിദ്യാർഥികൾ നേരിട്ട പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. മുൻ വർഷത്തെ ഫോർമുല പ്രകാരം സിബിഎസ്ഇ പഠിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികളേക്കാൾ 35 മാർക്ക് വരെ അധികം ലഭിച്ചിരുന്നു. ഫോർമുല മാറ്റത്തിന് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അതിന് മുമ്പ് പ്രവേശന പരീക്ഷ പൂർത്തിയായി.
പിന്നാലെ പഴയ ഫോർമുല പ്രകാരം റാങ്ക് പട്ടിക തയ്യാറാക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാർഥികൾ കോടതിയെ സമീപിച്ചു. ഹർജി കോടതി അംഗീകരിച്ചതോടെ ആദ്യ റാങ്ക് പട്ടിക റദ്ദാക്കുകയും പ്രോസ്പെക്ടസ് അനുസരിച്ചുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും നിർദേശം നൽകുകയായിരുന്നു. അതേസമയം, വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ച സർക്കാർ അനീതിയ്ക്ക് പരിഹാരമെന്നോണം പുതിയ രീതി പ്രോസ്പെക്ടസിൽ ഉൾപ്പെടുത്താനും അനുമതി നൽകി.