കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മൂവാറ്റുപുഴ സ്വദേശി ജസ്‌നയുടെയും മകൾ ഒന്നര വയസുകാരി റൂഹി മെഹ്റിന്റെയും മൃതദേഹം ഖബറടക്കി. ഉച്ചയോടെയാണ് മൃതദേഹങ്ങൾ മൂവാറ്റുപുഴയിലെ വീട്ടിലെത്തിച്ചത്. 15 മിനിറ്റ് മാത്രം നീണ്ട പൊതുദർശനത്തിനു ശേഷം പേഴക്കാപ്പിള്ളി പള്ളിയിലാണ് ഖബറടക്കിയത്.
അതേസമയം, അപകടത്തിൽ മരിച്ച പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ സ്വദേശി റിയ ആൻ, മകൾ ടൈറ റോഡിഗസ് എന്നിവരുടെ മൃതദേഹം മണ്ണൂരിൽ എത്തിച്ചു. ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം നടത്തും. ശേഷം മൃതദേഹങ്ങൾ റിയയുടെ ഭർത്താവ് ജോയലിന്റെ നാടായ കോയമ്പത്തൂർ പോത്തന്നൂരിലേക്ക് കൊണ്ടുപോകും. പോത്തനൂരിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. മകൻ ജോയലിന് ശസ്ത്രക്രിയ വേണ്ടതിനാൽ ആംബുലൻസിൽ പാലക്കാടേക്ക് കൊണ്ടുപോയി. മാവേലിക്കര ചെറുകോൽ സ്വദേശി ഗീത ഷോജി ഐസകിൻ്റെ സംസ്കാരം ചൊവ്വാഴ്ച കൊച്ചിയിൽ നടക്കും.
കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെയും മൃതദേഹം ഇന്ന് രാവിലെയോടെയാണ് കൊച്ചിയിലെത്തിച്ചത്. ഖത്തർ എയർവേയ്‌സിലാണ് അഞ്ചു പേരുടേയും മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി. രാജീവാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ, മകൾ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കുറ്റിക്കാട്ട് ചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്ന (29 ), ഒന്നര മാസം പ്രായമായ മകൾ റൂഹി മെഹറിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ജൂൺ 9 നാണ് ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. കെനിയയിലെ നെഹ്റൂറുവിൽ വെച്ച് ബസ് മറിയുകയായിരുന്നു.