KERALA

അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശമ്പളം മുടങ്ങി; കേന്ദ്ര ഫണ്ട് കിട്ടില്ല; കോടികളുടെ ക്രമക്കേടില്‍ ദുരിതത്തിലായത് ഗവേഷകരും ജീവനക്കാരും

കോളേജില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഓഡിറ്റില്‍ കണ്ടെത്തിയത് ഒന്നരക്കോടിയുടെ ക്രമക്കേടാണ്.

Author : ന്യൂസ് ഡെസ്ക്

വയനാട് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതായി പരാതി. അഞ്ച് ഗവേഷകരുടെയും ആറ് ജീവനക്കാരുടെയും ശമ്പളമാണ് മുടങ്ങിയത്. ക്രമക്കേടിലൂടെ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാതെ കേന്ദ്ര ഫണ്ട് ഇനി ലഭിക്കില്ലെന്ന് സൂചന. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ( ഐസിഎആര്‍ ) ഫണ്ട് നല്‍കുന്നത് നിര്‍ത്തിയിട്ടുണ്ട്.

കോളേജില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഓഡിറ്റില്‍ കണ്ടെത്തിയത് ഒന്നരക്കോടിയുടെ ക്രമക്കേടാണ്. ഓഡിറ്റിഗ് റിപ്പോര്‍ട്ട് ന്യൂസ് മലയാളം പുറത്ത് വിട്ടിരുന്നു. നഷ്ട്ടമായ ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുവരെയും തിരിച്ചു പിടിച്ചിട്ടില്ല.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം തുടരുന്നതിനിടെയാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്. മുന്‍ ഉദ്യോഗസ്ഥരുടെ ക്രമക്കേടിന്റെ ദുരിതം അനുഭവിക്കുന്നത് നിലവിലെ ജീവനക്കാരാണ്.

കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം കോടികളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. 2022-23, 2023-24 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ജീവനക്കാരുടെ പേരില്‍ ലക്ഷകണക്കിന് രൂപയാണ് ഒരു വര്‍ഷത്തിനിടെ മാറിയെടുത്തത്. 2494 രൂപയുടെ ചെക്കില്‍ 9 ജീവനക്കാര്‍ എഴുതിചേര്‍ത്ത് തട്ടിയെടുത്തത് 92, 494 രൂപയാണ്. ഓഫീസിലേക്ക് വാങ്ങിയ 180 രൂപ ബാഗിന്റെ ബില്ലില്‍ ജീവനക്കാര്‍ 31 എഴുതി ചേര്‍ത്ത് 31,180 രൂപയുടെ ബില്ലാണ് മാറ്റി എടുത്തത്. ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും കൃഷി മന്ത്രിയും വകുപ്പ് അധികാരികളും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.

അഴിമതികള്‍ കണ്ടെത്തിയതോടെ ഓഫീസിലെ സ്റ്റോക്ക് രജിസ്റ്റര്‍ രണ്ട് വര്‍ഷമായി കാണാനില്ല. അത് കണ്ടെടുക്കാന്‍ വേണ്ട നടപടികളോ പോലീസില്‍ പരാതിയോ വകുപ്പ് അധികാരികള്‍ നല്‍കിയിട്ടില്ല. അഴിമതി നടത്തിയ ജീവനക്കാര്‍ ഇപ്പോഴും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകേണ്ട കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കോടികളുടെ അഴിമതി നടന്നിട്ടും സര്‍ക്കാര്‍ കണ്ണടയ്ക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

SCROLL FOR NEXT