സംസ്ഥാന ബിജെപിയിൽ വെട്ടിനിരത്തിലും പൊട്ടിത്തെറിയും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ നേതൃതലത്തിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ, ജില്ലാ നേതൃയോഗങ്ങളുടെ ഉദ്ഘാടകരുടെ പട്ടികയിൽ നിന്ന് കെ സുരേന്ദ്രനെയും, വി മുരളീധരനെയും ഒഴിവാക്കി. സംസ്ഥാന കോർ കമ്മറ്റി അംഗങ്ങൾക്ക് ഉദ്ഘാടന ചുമതല നൽകിയപ്പോഴാണ് ഇരുവരെയും മാറ്റി നിർത്തിയത്. രാജീവിൻ്റേത് കോർപ്പറേറ്റ് ശൈലിയാണെന്നും ഇത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും കോർ കമ്മിറ്റിയിൽ ഇരുനേതാക്കളും തുറന്നടിച്ചു.
ഇന്നലെ നടന്ന BJP കോർ കമ്മറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ അതിരൂക്ഷ വിമർശനമാണുയർന്നത്. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ അധ്യക്ഷന്റെ പ്രവർത്തന ശൈലിക്കെതിരെ ആഞ്ഞടിച്ചു. ഇതിന് പിന്നാലെയാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന BJP ജില്ലാ നേതൃയോഗങ്ങളുടെ ഉദ്ഘാടകരുടെ പട്ടികയിൽ നിന്ന് കെ സുരേന്ദ്രനെയും, വി മുരളീധരനെയും ഒഴിവാക്കിയത്.
സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ, കോർ കമ്മറ്റി അംഗങ്ങൾക്കാണ് ഉദ്ഘാടന ചുമതല. എന്നാൽ ഒരിടത്ത് പോലും ഇരുവരെയും ഉൾപ്പെടുത്താത്തത് അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഇവരെ ഒഴിവാക്കിയത് വിവാദത്തിന് കാരണമായിരുന്നു. എന്നാൽ കോർ കമ്മറ്റി യോഗത്തിൽ സുരേന്ദ്രനും, മുരളീധരനും പങ്കെടുക്കുകയും രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു .
രാജീവിന്റേത് കോർപ്പറേറ്റ് ശൈലിയാണെന്നും ഇത് ഗുണം ചെയ്യില്ല എന്നുമാണ് വിമർശനം. ഇതിന് പിന്നാലെ ജില്ലാ നേതൃയോഗങ്ങളുടെ ഉദ്ഘാടകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് മന:പൂർവമാണെന്നാണ് വി മുരളീധര പക്ഷത്തിന്റെ ആരോപണം .പ്രശ്നങ്ങളിൽ ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ, ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നും മുരളീധര പക്ഷം മുന്നറിയിപ്പ് നൽകുന്നു .