തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള യാത്രക്കിടെ പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിനാകും ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിനു കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഗണ്‍മാന്‍മാര്‍ കരിങ്കൊടി കാണിച്ചവരെ ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. നടപടിയെ മുന്‍ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷണം നടത്തിയെങ്കിലും, ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങളിലും ദൃശ്യങ്ങളിലും ആരോപണങ്ങളെ സാധൂരിക്കുന്ന തെളിവുകള്‍ ഇല്ലായിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍ വന്നതുള്‍പ്പെടെ ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കിയതോടെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നിട്ടും അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതൊരു രാഷ്ട്രീയ പ്രതികാരമായി കാണേണ്ടതില്ലെന്നും, ആ സംഭവം മറക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.