മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും കണ്ട് അഹാൻ  Source: Facebook
KERALA

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..."; മിടുക്കനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും

അഹാൻ അനൂപിനെ കണ്ട വിവരം മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന് ഉത്തരക്കടലാസിൽ കുറിച്ച മൂന്നാം ക്ലാസുകാരനെ നേരിൽ കണ്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അഹാൻ അനൂപിനെ കണ്ട വിവരം മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" - ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി ഇങ്ങനെ സ്വന്തം വാക്കുകളിൽ എഴുതിയാണ് അഹാൻ അനൂപ് സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയ മാടാവിൽ ഗവ. യുപി സ്കൂ‌ളിലെ വിദ്യാർത്ഥിയായ അഹാന്റെ ഈ ഉത്തരം ഉൾക്കൊള്ളുന്ന സന്ദേശം വളരെ വലുതാണ്.

കൊച്ചുമിടുക്കൻ അഹാൻ മാതാപിതാക്കളോടൊപ്പം ഇന്ന് നിയമസഭാ മന്ദിരത്തിൽ വന്ന് കണ്ടിരുന്നു. പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താൻ അഹാന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.."

പരീക്ഷാ പേപ്പറിൽ ഈ വലിയ സന്ദേശം കുറിച്ചുവെച്ച മിടുക്കനെ ഇന്ന് നിയമസഭയിൽ വെച്ച് കണ്ടുമുട്ടി. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അഹാൻ അനൂപ് ആണ് ആ താരം.

സഭയിലെത്തിയ അഹാനെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും പക്വതയാർന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാൻ ഏവർക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളർന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്.

ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും എന്റെ അഭിനന്ദനങ്ങൾ.

പ്രിയപ്പെട്ട അഹാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

"മുഖ്യമന്ത്രിയെ കണ്ട് സ്കൂളിൽ വലിയ കളിസ്ഥലം വേണം എന്ന് അഹാൻ പറഞ്ഞിട്ടുണ്ട്, ഇപ്പൊ നീ നന്നായി പഠിക്ക് കളിസ്ഥലം ഒക്കെ നമുക്ക് ഉണ്ടാക്കാം എന്ന് പിണറായി അപ്പൂപ്പൻ പറഞ്ഞിട്ടുണ്ട്", എന്ന് അഹാൻ്റെ അമ്മ നിമ്യ നാരായണൻ ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT