ജവഹർ ലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇന്ത്യ സ്വീകരിച്ച സാമ്രാജ്യത്വ വിരുദ്ധനയം കോൺഗ്രസ് പിന്നീട് കളഞ്ഞുകുളിച്ചെന്നും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇസ്രയേലിനോടുള്ള നയം കോൺഗ്രസ് മാറ്റിയെന്നും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവർ തുടക്കം കുറിച്ചതല്ല ഈ നയംമാറ്റമെന്നും ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധനയം കളഞ്ഞുകുളിച്ചത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
"ജവഹർ ലാൽ നെഹ്റുവിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യ സാമ്രാജ്യത്വ വിരുദ്ധനയം സ്വീകരിച്ചത്. എന്നാൽ നേതൃത്വം മാറിയതോടെ കോൺഗ്രസ് ആ നയത്തിൽ കോൺഗ്രസ് വെള്ളം ചേർത്തു. സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കുന്ന രീതിയിലേക്ക് കോൺഗ്രസ് മാറി. പാസ്പോർട്ട് അനുവദിച്ച് തുടങ്ങിയപ്പോൾ ഇസ്രയേലിൽ പോകാൻ അനുമതി ഉണ്ടായിരുന്നില്ല. അന്ന് പലസ്തീനെ ആയിരുന്നു ഇന്ത്യ പിന്തുണച്ചത്," പിണറായി വിജയൻ പറഞ്ഞു.
"നെഹ്റുവിന്റെ കാലത്ത് പലസ്തീനുമായി അടുത്ത ബന്ധമാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഈ നയം കോൺഗ്രസാണ് കളഞ്ഞുകുളിച്ചത്. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇസ്രയേലിനോടുള്ള നയം കോൺഗ്രസ് മാറ്റിയത്. ആ നയമാണ് ബിജെപി പിന്തുടരുന്നത്. സയണിസ്റ്റുകളും ആർഎസ്എസും ഇരട്ട സഹോദരന്മാരാണ്. സയണിസ്റ്റുകൾ ഇസ്രയേലിൽ നടത്തുന്ന എല്ലാത്തിനും ഒപ്പമാണ് ആർഎസ്എസ്. സയണിസ്റ്റുകൾ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയല്ല. അവരുടെ ആശയം ഫാസിസത്തിൻ്റേതാണ്," മുഖ്യമന്ത്രി പറഞ്ഞു.
"വിദ്യാഭ്യാസ രംഗമാകെ കാവിവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചരിത്രവും പാഠഭാഗങ്ങളും തിരുത്തുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയെ തള്ളിപ്പറയുന്നു. ഭരണഘടനയെ അപകടത്തിൽപ്പെടുത്തുന്നു. ജനാധിപത്യ വ്യവസ്ഥയെ തള്ളിപ്പറയുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങൾ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു," മുഖ്യമന്ത്രി വിമർശിച്ചു.
"നിലവിൽ ഇടതു വിദ്യാർഥി സംഘടനയായ എസ്എഫ്ഐ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് അതിശക്തമായി ഇടപെടാൻ സംഘടനയ്ക്ക് കഴിഞ്ഞു. അതീവ പ്രാധാന്യമുള്ള സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എസ്എഫ്ഐക്ക് നിർവഹിക്കാനുള്ളത് വലിയ ഉത്തരവാദിത്തമാണ്," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.