Source: Social Media
KERALA

" ജനങ്ങളെ ഉത്പാദന മേഖലയുമായി ബന്ധപ്പെടുത്തുന്ന പദ്ധതി"; 'കണക്ട് ടു വർക്ക്' ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

ഒരുപാട് തൊഴിൽ അവസരങ്ങൾ ഉണ്ട് . എന്നാൽ അത് ഉപയോഗിക്കുന്നില്ല. അതിന് ആവശ്യമായ പരിശീലനം നൽകണം

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: കേരളത്തിലെ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ പദ്ധതി 'കണക്ട് ടു വര്‍ക്കി'ന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയലാണ് മുഖ്യമന്ത്രി സ്വപ്നപദ്ധതിക്ക് തുടക്കം കുറിച്ചത്. നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അർഹരായവർക്ക് പ്രതിമാസം 1000 രൂപയാണ് നൽകുക. പ്ലസ് ടു മുതൽ ബിരുദം വരെയുള്ളവർ ഇതിൽ പെടുന്നു.

പലവിധ കാരണങ്ങളാൽ തൊഴിലിന് പോകാത്തവർ നാട്ടിലുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. നല്ല വിദ്യാഭ്യാസ യോഗ്യത ഉള്ളവർ വീടുകളിൽ കഴിയുന്ന അവസ്ഥ. തൊഴിലിന് വേണ്ടി ശ്രമിച്ചിട്ടും തൊഴിൽ ലഭിക്കാത്താവരുണ്ട്. ഇവരെയെല്ലാം കണക്കാക്കിയാണ് വിജ്ഞാന കേരളം ക്യാമ്പയിൻ നടപ്പാക്കിയത്. ഒരുപാട് തൊഴിൽ അവസരങ്ങൾ ഉണ്ട് . എന്നാൽ അത് ഉപയോഗിക്കുന്നില്ല. അതിന് ആവശ്യമായ പരിശീലനം നൽകണം. വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ വലിയ പങ്കാണ് വിജ്ഞാനകേരളം പദ്ധതിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒരുപാട് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്തുള്ളത്. വലിയ തോതിൽ ഉള്ള വളർച്ചയാണ് സംസ്ഥാനത്തുള്ളത്. 26000 കോടി നിക്ഷേപം സ്വീകരിക്കാനായി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. മൂന്ന് ലക്ഷത്തിലധികം സംരംഭങ്ങൾ. ഇതിനെല്ലാം ഉതകുന്നതാണ് കണക്ട് ടു വർക്ക് പദ്ധതി. നേരത്തെ തൊഴിൽ അന്വേഷകരായിരുന്നു യുവാക്കൾ അവരെ തൊഴിൽ ദാതാക്കളും സംരംഭകരുമാക്കി. പഠനകാലത്ത് തന്നെ അവർ തൊഴിൽ ദാതാക്കളായി. സ്റ്റാർട്ട് ആപ്പിൽ ഭീമമായ വർധന ഉണ്ടായി ആ രീതിയിൽ യുവാക്കൾക്ക് അവസരം ലഭ്യമാകുന്നു.

കേരളത്തിൽ പ്രത്യേകമായ ഉൽപ്പാദന സംസ്കാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട് എത്രയോ മുൻപന്തിയിലാണ്. 3,60,000 ത്തോളം നിയമനം പിഎസ്‌സിയിൽ നടത്തി. ഏറ്റവും കൂടുതൽ നിയമനം നടത്തിയത് കേരളത്തിലാണ്. ഇതാണ് കേരളത്തിന്റെ പ്രത്യേകത. നിറഞ്ഞ പിന്തുണ പുതിയ പദ്ധതിക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അഞ്ചുലക്ഷം വരെ വരുമാനം ഉള്ള കുടുംബങ്ങളിലെ യുവാക്കൾക്ക് അപേക്ഷ നൽകാം. പദ്ധതിയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനോടകം 30000 ത്തിൽ കൂടുതൽ അപേക്ഷ ലഭിച്ചു. കൂടുതൽ ആളുകൾ എത്തിയാലും സർക്കാർ ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ഉൽപ്പാദന മേഖലയുമായി ബന്ധപ്പെടുത്തുന്ന പദ്ധതി ആണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി മാതൃകാപരമാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. യുവാക്കൾക്ക് തൊഴിലിലേയ്ക്ക് എത്താനുള്ള പാലമാണ് ഈ പദ്ധതി. വളരെ വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യവും. കൂടുതൽ ആളുകൾക്ക് ജോലി ചെയ്യാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും. ലോകത്ത് എവിടെ പോയാലും ജോലി കിട്ടാനുള്ള സാധ്യതയുമുണ്ട്. ഇത് ഒരു പുതിയ ചരിത്രമാകുമെന്നും ധനമന്ത്രി പറഞ്ഞു.

SCROLL FOR NEXT